'കോൺഗ്രസിനെ നിരീക്ഷിക്കാൻ ഷാഡോ കമ്മിറ്റി'; കൊല്ലത്ത് വാക്പോര്

പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും കൊല്ലത്ത് ഇരുമുന്നണികളും തമ്മിലുള്ള വാക്പോര് തുടരുന്നു. കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ആർ.എസ്.പി ഷാഡോ കമ്മിറ്റിയെ നിയോഗിച്ചുണ്ടന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതേ സമയം ആർ.എസ്.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് ഷാഡോ കമ്മിറ്റിയെന്ന്  വിശേഷിപ്പിച്ചതെന്ന വിശദീകരണവുമായി എൻ.കെ.പ്രേചന്ദ്രനും, ഷിബു ബേബി ജോണും രംഗത്തെത്തി.

കഴിഞ്ഞ ദിവസം  എൻ.കെ.പ്രേമചന്ദ്രൻ  ഫെയ്സ്ബുക്കിൽ നൽകിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സി.പി.എം പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രേമചന്ദ്രന്റെ ബി ജെ പി ബന്ധത്തോട് എതിർപ്പുള്ള കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുകയാണെന്നും എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ ആരോപിച്ചു.

ആരോപണം എൻ.കെ. പ്രേമചന്ദ്രൻ നിഷേധിച്ചു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ സിപിഎം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഷിബു ബേബി ജോണും പറഞ്ഞു. ദേശീയ തലത്തിൽ ഇടതു കൂട്ടായ്മയുടെ ഭാഗമായ ആർ.എസ്.പിയും സി.പി.എമ്മും ഏറ്റുമുട്ടുന്ന മണ്ഡലമാണ് കൊല്ലം. വിജയിക്കേണ്ടണ്ടത് ഇരു പാർട്ടികളുടെയും അഭിമാന പ്രശ്നമാണ്.