കരച്ചിലുയര്‍ന്ന വീട്ടില്‍ കൃപേഷിന്റെ റോള്‍ ഏറ്റെടുത്ത് ഹൈബി; കണ്ണീര്‍: വിഡിയോ

ഒാലപ്പുരയിലെ ഒറ്റമുറി വീട്ടിൽ നിന്നും അന്ന് ചേട്ടൻ ഇറങ്ങിപ്പോകുമ്പോൾ പോക്കറ്റിലുണ്ടായിരുന്ന പണം അനിയത്തിയുടെ കയ്യിൽ കൊടുത്ത് പറഞ്ഞിരുന്നു. ‘നീ ക്ഷേത്രത്തിൽ പോകണമെന്ന്..’ ഇന്ന് ആ ഒാലപ്പുരയുടെ സ്ഥാനത്ത് നല്ല വീട് ഉയർന്നു. പക്ഷേ ഒപ്പം ചേട്ടൻ ഇല്ല. കോൺഗ്രസ് നേതാക്കളും മാധ്യമപ്രവർത്തകരും നിറഞ്ഞ ആ വീട്ടിന്റെ ഉള്ളിലേക്ക് ആ കുടുംബം വിളക്കുവച്ച് കയറി. പിന്നീട് രാജ്മോഹൻ ഉണ്ണിത്താന്റെ കയ്യിലിരുന്ന കൃപേഷിന്റേയും ശരത്ത് ലാലിന്റേയും ചിത്രം ആ വിളക്കിന് സമീപം വച്ചപ്പോൾ, അനിയത്തിക്കുട്ടി വാവിട്ട് കരഞ്ഞു. വിങ്ങിപ്പൊട്ടിയ അവളെ ചേർത്ത് നിർത്തി കൃപേഷിന്റെ സ്ഥാനത്ത് നിന്ന് ഹൈബി ഇൗഡൻ. ഒപ്പം  കുടുംബവും. കൂടിനിന്നവരുടെ ഉള്ളിലക്കുന്നതായിരുന്നു കൃപേഷിന്റെ സഹോദരിയുടെ കണ്ണുനീർ. ചേട്ടനോടെന്ന പോലെ ഹൈബിയോട് ചേർന്ന് നിന്ന് കൃഷ്ണപ്രിയ തിങ്ങിനിറഞ്ഞ സങ്കടം കരഞ്ഞുതീർത്തു. ഒരു കയ്യിൽ മകളും മറുകയ്യിൽ ആ അനിയത്തിയെയും ചേർത്ത് പിടിച്ച് ഹൈബിയുടെ ഭാര്യ അന്നയും ഒപ്പമുണ്ടായിരുന്നു.

ഹൈബി ഈഡൻ എംഎൽഎ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയത്. കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കൾ ഈ വീടിന് നൽകിയിരിക്കുന്നത്. കൃപേഷിന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശച്ചടങ്ങുകൾ. മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമുൾപ്പെടെയുള്ള വീടിന്റെ നിർമാണം നാൽപ്പത്തിനാലു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്. തണൽ പദ്ധതിയിൽ നിർമ്മിക്കുന്ന മുപ്പതാമത്തെ വീടാണ് കല്യോട്ടേത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങൾക്ക് നൽകി.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛൻ കൃഷ്ണന്‍ പറയുന്നു. പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.