ത്യാഗസ്മരണയിൽ ദുഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഒാര്‍മകളുമായി ഇന്ന് ദുഃഖവെള്ളി. ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടന്നു. 

മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓർമകളുമായി വിശ്വാസികൾ ദുഃഖവെളളി ആചരിക്കുന്നത്.  തിരുവനന്തപുരം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ വിവിധ സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി പാളയത്ത് തന്നെ സമാപിച്ചു

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ  ,  ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം, എന്നിവരുെട നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തിരഞ്ഞെടുപ്പില്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനം എടുക്കണമെന്ന് ഡോ. എം. സൂസപാക്യവും  രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്ന് കര്‍ദിനാളും പറഞ്ഞു.

കോട്ടയം പഴയ സെമനാരിയിൽ മലങ്കര ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രീയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോതമംഗലം ചെറിയപള്ളിയില്‍ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ നേതൃത്വം നല്‍കി.