പ്രകൃതിവാതക പൈപ്പ്‌ലൈനിൽ ചോർച്ച; തുടർകഥയെന്ന് നാട്ടുകാർ

കാക്കനാട് പ്രകൃതിവാതക പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് തീപിടിത്തം. കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭകേബിള്‍ വലിക്കുന്നതിനിടെയാണ് വാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കി.

കാക്കനാട് പാലച്ചുവട് സ്വദേശികള്‍ പുലര്‍ച്ചെ കണ്ണുതുറന്നത് ഇരുപതടിയിലേറെ ഉയരത്തിലുള്ള തീജ്വാലകള്‍ കണ്ടാണ്. പുലര്‍ച്ചെ നാലോടെയായിരുന്നു റോഡിനടിയിലൂടെ സ്ഥാപിച്ച പ്രകൃതിവാതക പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്. ഭൂഗര്‍ഭ കേബിള്‍ വലിക്കാന്‍ കെ.എസ്.ഇ.ബി. കരാറുകാര്‍ റോഡ് കുഴിക്കുന്നതിനിടെയാണ് പ്രകൃതിവാതക പൈപ്പില്‍ വിള്ളല്‍ വീണത്. വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ചെളിവെള്ളം മുകളിലേക്ക് തെറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ വിളക്കുതെളിച്ച് പരിശോധിക്കാന്‍ ശ്രമിച്ചതോടെയാണ് തീപിടിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റേയും പൊലീസിന്റേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ച്, വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിനു പിന്നാലെ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് വെണ്ണല–പാലച്ചുവട്–കാക്കനാട് റോഡ് അടച്ചിട്ടത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിള്ളല്‍ വീണ പൈപ്പ് മുറിച്ച് മാറ്റി, പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.