‘അണ്ണാ ഒന്നു ട്രോളുമോ; എനിക്കൊപ്പം സെൽഫി എടുക്കാം’; കണ്ണന്താനത്തിന്റെ പുതിയ വിദ്യ

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കേരളത്തിലെ സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ട്രോളിന് വിഷയമായത് ഏറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനമാകും. പ്രചാരണത്തിന് അതും ചുവടാക്കാം എന്ന് കരുതിയിരിക്കുകയാണ് സ്ഥാനാർഥി. ‘ഇത്തിരി ട്രോളുമോ അണ്ണാ പ്ലീസ്’ എന്ന തലക്കെട്ടോടെ ട്രോള്‍ മീ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് കണ്ണന്താനം. മികച്ച ട്രോൾ പങ്കുവയ്ക്കുന്ന ട്രോളന് മികച്ച ഒരു ഒാഫറും അദ്ദേഹം കൊടുക്കുന്നുണ്ട്. നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാമെന്നാണ് കണ്ണന്താനത്തിന്റെ വാക്ക്. എന്നാൽ പോസിറ്റീവ് ട്രോൾ പ്രതീക്ഷ വച്ച കണ്ണന്താന്തത്തിന്റെ പോസ്റ്റിന് താഴെ കണ്ണന്താനത്തെ ഒാടിക്കുന്ന ട്രോളുകളാണ് നിറയുന്നത്.  

ഒരു പണിയും ഇല്ലാത്തവരാണ് ട്രോളുമായി ഇറങ്ങുന്നതെന്ന് മുൻപത്തെ പരാമർശവും ചിലർ കമന്റായി പങ്കുവയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രോളുകളും ആയുധമാക്കുകയാണ് അൽഫോൺസ് കണ്ണന്താനം. ‘മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. 

എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. 

എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല). അപ്പൊ ശരി, തുടങ്ങുവല്ലേ? എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.