'ജഡ്ജി വരാതെ ഹാൾ കോടതിയാകില്ല'; കോടതിമുറിയിലെ വോട്ടുചോദ്യത്തിന് മറുപടി

പ്രചാരണ പരിപാടിക്കിടെ പറവൂരിലെ കോടതി മുറിയിൽ വോട്ടുചോദിച്ച് കയറിയതിന് വിശദീകരണവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ജഡ്ജി വരാതെ ഹാൾ കോടതിയാകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ മുറിയിൽ വോട്ടു ചോദിക്കാൻ ചെന്നത്. ഇതിൽ തെറ്റില്ലെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. 

‘എന്നെ മോശമായി ചിത്രീകരിക്കുന്നവർ ഓർക്കുക, കുഗ്രാമത്തിൽനിന്ന് മണ്ണെണ്ണവിളക്കിനു മുന്നിലിരുന്നു പഠിച്ചാണ് 42 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായത്. അവിടെനിന്നാണ് പഠിച്ചുയർന്ന് ഐഎഎസ് നേടിയത്. അങ്ങനെ അധ്വാനിച്ചുവളർന്ന് ഈ നിലയിലെത്തിയ എന്നെ മോശമായി ചിത്രീകരിക്കുന്ന മക്കളേ, നിങ്ങൾ എന്തെങ്കിലും നല്ല കാര്യം ചെയ്തു കാണിക്കൂ’ കണ്ണന്താനം ട്രോളർമാരെ വെല്ലുവിളിച്ചു.

മണ്ഡലം മാറി വോട്ടു ചോദിച്ചതായി തന്നെ ട്രോളിയവരോട് പറയാനുള്ളത്, സ്വന്തം മണ്ഡലത്തിലുള്ളവരോടു മാത്രം കൈ വീശിക്കാണിക്കാനും മണ്ഡലം മാറിയാൽ കൈ വീശാതിരിക്കാനും തനിക്കാവില്ലെന്നു മാത്രമാണ്. അതേസമയം ട്രോളുകൊണ്ട് തനിക്കു ഗുണമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ടൈം മാഗസിൻ തിരഞ്ഞെടുത്ത പ്രമുഖരായ 100 പേരിൽ ഒരാൾ താനായിരുന്നുവെന്ന കാര്യം നാലാൾ അറിഞ്ഞതു ട്രോളുവഴിയാണ്. 

മാർച്ച് 28നാണ് പറവൂരിലെ ബാർ അസോസിയേഷൻ ഹാളിനു സമീപത്ത് എത്തിയ സ്ഥാനാർഥി പ്രവർത്തകർക്കൊപ്പം തൊട്ടടുത്തുള്ള അഡീഷനൽ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. കോടതി ചേരാൻ അൽപസമയം ബാക്കിയുള്ളപ്പോഴാണു സംഭവം. ജ‍ഡ്ജി എത്തുന്നതിന് ഏതാനും സെക്കൻഡുകൾക്കു മുൻപ് ഇറങ്ങുകയും ചെയ്തു. അഭിഭാഷകരും കേസിനായി എത്തിയ കക്ഷികളും കോടതി മുറിയിലുണ്ടായിരുന്നു. സ്ഥാനാർഥിയുടെ പ്രവൃത്തിയിൽ ചില അഭിഭാഷകർ പ്രതിഷേധിച്ചു.‌