പ്രേംനസീറിന്റെ ജീവിതം പറഞ്ഞ് 'നിത്യഹരിതം'; അപൂർവചിത്രങ്ങളടങ്ങുന്ന പുസ്തകം

നിത്യഹരിത നായകൻ പ്രേം നസീറിൻറെ ജീവിതത്തിലൂടെയുള്ള യാത്രയാണ് നിത്യഹരിതം എന്ന പുസ്തകം. പ്രേം നസീറിൻറെ അപൂർവ ചിത്രങ്ങളും സിനിമാ ജീവിതവിശേഷങ്ങളും ഓർമ്മക്കുറിപ്പുകളും എല്ലാം ചേരുന്നതാണ് നിത്യഹരിതം. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

പ്രേം നസീറെന്ന നിത്യഹരിത നായകനെ കുറിച്ചുള്ള സർവവിജ്ഞാന കോശമാണ് നിത്യഹരിതം. പ്രേം നസീറിൻറെ ജീവചരിത്രവും, അദ്ദേഹത്തെ കുറിച്ചുള്ള പ്രമുഖരുടെ ഓർമക്കുറിപ്പുകളുമെല്ലാം പുസ്തകത്തിലുണ്ട്. ഒപ്പം അദ്ദേഹത്തിൻറെ അപൂർവ ചിത്രങ്ങളും, അദ്ദേമഭിനയിച്ച സിനിമകളുടെ പൂർണവിവരങ്ങളും നിത്യഹരിതത്തിൻറെ ഉള്ളടക്കത്തിലുണ്ട്. ആയിരത്തോളം പേജുള്ള പുസ്തകത്തിൻറെ ഓരോ അധ്യായത്തിനും നസീർ സിനിമകളുടെ പേരാണ് നൽകിയിരിക്കുന്നത്. 

സിനിമാ ചരിത്രകാരനും ഛായഗ്രാഹകനുമായ ആർ ഗോപാലകൃഷ്ണനാണ്  പുസ്തകം തയാറാക്കിയത്. രണ്ടു വർഷം നീണ്ട അദ്ദേഹത്തിൻറെ സമർപ്പണമാണ് നിത്യഹരിതം. കൊച്ചിയിൽ ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ആദ്യമായി നസീറിനൊപ്പം കാലചക്രം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചായിരുന്നു മമ്മൂട്ടിക്ക് പറയാനുണ്ടായിരുന്നത്.പ്രേം നസീറിനെ പറ്റി ഇത്തരമൊരു പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് മലയാള സിനിമാ മേഖലയ്ക്ക് പൂർണത കൈവന്നതെന്ന് മോഹൻലാൽ പറഞ്ഞു. പ്രേം നസീർ ഫൌണ്ടേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.