ടോയ്‌ലറ്റിലേക്ക് വിടാതെ അധ്യാപിക; പരീക്ഷാ ഹാളില്‍ വിദ്യാർഥിക്ക് പീഡനം

പ്രതീകാത്മക ചിത്രം

എസ്.എസ്.എല്‍.സി പരീക്ഷ ഹാളിൽ വിദ്യാര്‍ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി. ശുചിമുറിയിൽ പോകണമെന്ന വിദ്യാർഥിയുടെ  ആവശ്യം നിരസിച്ച അധ്യാപിക ഒരുമണിക്കൂറിലധികം കുട്ടിയെ പരീക്ഷാഹാളില്‍ തന്നെയിരുത്തി.  ബോധരഹിതനായ വിദ്യാർഥിക്ക് പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിഞ്ഞില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

കൊല്ലം കടയ്ക്കല്‍ ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. പരീക്ഷ തുടങ്ങിയപ്പോൾ തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് വയറുവേദന അനുഭവപ്പെട്ടു. ശുചി മുറിയിൽ പോകണമെന്ന്  ആവശ്യപ്പെട്ടിട്ടും അധ്യാപിക അനുമതി നൽകിയില്ല. കരഞ്ഞു തളര്‍ന്ന വിദ്യാര്‍ഥി പരീക്ഷാഹാളിൽ ബോധം കെട്ടുവീണു. ഒരു മണിക്കൂറിന് ശേഷം മറ്റ് അധ്യാപകര്‍ എത്തിയാണ് കുട്ടിയെ ശുചി മുറിയിലെത്തിച്ചത്. പ്രാഥമിക കൃത്യം നിര്‍വഹിച്ച ശേഷം തിരിച്ചു ഹാളിൽ എത്തിയപ്പോഴേക്കും പരീക്ഷാസമയം കഴിഞ്ഞിരുവെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

രസതന്ത്ര പരീക്ഷ മികച്ച രീതിയിൽ എഴുതാൻ കഴിയാത്തതിൽ കുട്ടി മാനസിക സംഘർഷത്തിലാണെന്നന്നും ഇത് മറ്റു പരീക്ഷകളെ ബാധിച്ചുവെന്നും രക്ഷിതാക്കൾ പറഞ്ഞു. അധ്യാപികയുടെ മനുഷ്യത്വരഹിത പെരുമാറ്റത്തിനെതിരെ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ശുചി മുറിയിൽ പോകാന്‍ അനുവദിക്കാത്ത അധ്യാപികയുടെ നടപടിക്കെതിരെ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.