ലീഗ്-എസ്ഡിപിഐ ചര്‍ച്ച; തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി എല്‍ഡിഎഫ്

മുസ്്ലീം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി എല്‍ഡിഎഫ്. പരാജയഭീതി മൂലമാണ് ലീഗ് വര്‍ഗീയ കക്ഷികളുമായി ചര്‍ച്ച നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ എസ്.ഡി.പി.ഐയുമായി ഒരു ധാരണയുമില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ് നേതൃത്വം. ബി.ജെ.പി ഒഴികെയുളള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് ലീഗ് നേതാക്കളെ കണ്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം.

യു.ഡി.എഫിന്റെ നിര്‍ദേശപ്രകാരമാണ് ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്ന് പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ഥി പി.വി. അന്‍വര്‍ ആരോപിച്ചു.

എന്നും വർഗീയ കക്ഷികള കൂട്ടുപിടിക്കുന്ന ചരിത്രം ലീഗ് ആവര്‍ത്തിക്കുകയാണന്ന് കോടിയേരി ബാലകൃഷ്ണൻ  പറഞ്ഞു. എന്നാല്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും മറ്റു യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണന്നും എസ്.ഡി.പി.ഐ പറയുന്നു. സി.പി.എം അടക്കമുളള മറ്റു പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്.  

പൊന്നാനിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും നിലവില്‍ സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ച എസ്.ഡി.പി.ഐയുമായി ചര്‍ച്ച ചെയ്തുവെന്ന വാദം ബാലിശമാണന്നും ഇ.ടി. മുഹമ്മദ് ബഷീര്‍.

ഇ.ടി. മുഹമ്മദ് ബഷീറിനെ കാണാന്‍ വേണ്ടി എത്തിയപ്പോള്‍ കെ.ടി.ഡി.സിയുടെ ഹോട്ടലില്‍ ആകെ ചിലവഴിച്ചത് ഏഴു മിനിട്ടു മാത്രമാണന്നും ഈ സമയത്തിനുളളില്‍ എസ്.ഡി.പി.ഐ നേതാക്കളെ കാണുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്നാല്‍ എസ്.ഡി.പി.യുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി അറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.