സ്വന്തം നാട്ടിൽ പത്താളുടെ പിന്തുണയില്ലാത്തവർ; വടക്കനെ വിമർശിച്ച് ബൽറാം

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് വിടി ബൽറാം എംഎൽഎ. കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ വിമർശനം. 

''വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,

എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട''-ബല്‍റാം കുറിച്ചു. 

പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് ടോം വടക്കന്റെ വിശദീകരണം. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ടോം വടക്കൻ തീരുമാനം പ്രഖ്യാപിച്ചത്.