‘ഞാന്‍ മരിച്ചാൽ കാണാൻ രാഹുൽ ഗാന്ധി വര്വോ’; ആഗ്രഹം പോലെ രാഹുലെത്തി

‘ഞാനൊക്കെ മരിച്ചാൽ രാഹുൽ ഗാന്ധി കാണാൻ വര്വോടാ..?’ കൊല്ലപ്പെടുന്നതിന് രണ്ടാഷ്ച മുൻപ് കൃപേഷ് കൂട്ടുകാരോട് വെറുതേ പറഞ്ഞ വാക്കുകളാണ്. രാഹുൽ പെരിയയിലെ കൃപേഷിന്റെ ചെറിയവീട്ടിലേക്ക് എത്തിയപ്പോൾ സ്വാഗതഫ്ലെക്സിൽവെച്ചത് ഇതേ വാക്കുകൾ. കൃപേഷിനും ശരത് ലാലിനും നവമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം  ചർച്ച ചെയ്യുന്നതിനിടെയാണു കൃപേഷ് ഇങ്ങനെ ചോദിച്ചതെന്നു കൂട്ടുകാർ പറയുന്നു. 

 രാഹുലിനെ അത്രയേറെ ഇഷ്ടമായിരുന്നു കൃപേഷിന്. ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തി. അറിയാത്ത ഏതോ ലോകത്തിരുന്ന് കൃപേഷ് ഇത് കാണുന്നുണ്ടാകുമെന്ന് കൂട്ടുകാർ കണ്ണീരോടെ പറഞ്ഞു. രാഹുൽ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മരണസമയത്ത് ഫോണില്‍ വിളിച്ച് ഉറ്റവരുമായി രാഹുല്‍ സംസാരിച്ചിരുന്നു. കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും കുടുംബത്തിന് നീതികിട്ടാൻ വേണ്ടത് എല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകിയാണ് രാഹുൽ പെരിയയിൽ നിന്നും മടങ്ങിയത്.