‘വോട്ട് ആര്‍ക്കാണ് വീണത്...?’; പഠിച്ച് ടൊവിനോ; ‘അധ്യാപികയായി’ അനുപമ; വിഡിയോ

വോട്ട് ശരിക്കും വീണോ. ആര്‍ക്കാണ് വോട്ടു വീണത്... തുടങ്ങി നൂറുകൂട്ടം സംശയങ്ങള്‍ കാണും പോളിങ് ബൂത്തില്‍ നിന്ന് മടങ്ങുമ്പോള്‍. ഈ സംശയം തീര്‍ക്കാനാണ് വിവിപാറ്റ് വോട്ടിങ് യന്ത്രം. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ യന്ത്രമാണ് ഉപയോഗിക്കുന്നത്. വിവിപാറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് വോട്ടര്‍മാരെ പഠിപ്പിക്കണം. എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ജനം ഇഷ്ടപ്പെടുന്നവര്‍ തന്നെ വേണം. അങ്ങനെയാണ്, ഒരു അംബാസിഡറെ തൃശൂര്‍ ജില്ലാ ഭരണകൂടം തേടിയത്. 

പുതിയ തലമുറ കൂടുതല്‍ ഇഷ്ടപ്പെടുന്ന നടന്‍മാരില്‍ ഒരാളായ നടന്‍ ടൊവിനോ തൃശൂര്‍ക്കാരനാണ്. ടൊവിനോയോട് ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതംമൂളി. വിവിപാറ്റ് വോട്ടിങ് യന്ത്രത്തിന്റെ അംബാസിഡറാകാന്‍ ആ യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസിലാക്കേണ്ടതുണ്ട്. അങ്ങനെയാണ്, ടൊവിനോ ഇതു പഠിക്കാനായി കലക്ടറേറ്റില്‍ എത്തിയത്. കാര്യങ്ങള്‍ വിശദമായി പഠിപ്പിച്ചതാകട്ടെ ജില്ലാ കലക്ടര്‍ ടി.വി.അനുപമയും. 

‘‘വോട്ടിങ് ഒരോ പൗരന്റേയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യ രാജ്യത്ത്. അതുക്കൊണ്ട്, പുതിയ മെഷീനില്‍ വോട്ടു ചെയ്യാന്‍ എല്ലാവരും പഠിക്കണം. കാര്യം വളരെ സിംപളാണ്’’ ടൊവിനോ പറഞ്ഞു.  തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്. ഇനി സമൂഹമാധ്യമങ്ങള്‍ വഴി ജനമനസ്സിലേക്ക് ടൊവീനോ ഈ സന്ദേശം പകരും. ടൊവിനോ തൃശൂര്‍ കലക്ടറേറ്റില്‍ എത്തിയതിന്റെ വിഡിയോ കാണാം താഴെ.