കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഭീരുവെന്ന് മുല്ലപ്പളളി

പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് ഇന്ന് മുഖ്യമന്ത്രി കാസര്‍കോട്ടെ പൊതുപരിപാടികളില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതിനെ ന്യായീകരിച്ച്  ഇടതുമുന്നണി നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രി കാട്ടിയത് ഭീരുത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

കനത്ത സുരക്ഷയുടെ അകമ്പടിയിലായിട്ടും മുഖ്യമന്ത്രിക്ക് ഇന്ന് കാസര്‍കോട് പ്രതിഷേധം നേരിടേണ്ടി വന്നു. കാസര്‍കോട്ടെ പരിപാടിക്കുശേഷം കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.  ഇത്തരം പ്രതിഷേധങ്ങള്‍ പലയിടത്തുമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടവരുടെ വീടുകളിലേക്കുള്ള സന്ദര്‍ശനവും മുഖ്യമന്ത്രി റദ്ദാക്കിയത്. മുഖ്യമന്ത്രിക്കു മുമ്പേ ജില്ലയിലെ നേതാക്കള്‍ ശരത്തിന്റെയും കൃപേഷിന്റെയും വീട്ടിലെത്താന്‍ സന്നദ്ധത അറിയിച്ചെന്ന് പിണറായിയുടെ സാന്നിധ്യത്തില്‍ പി.കരുണാകരന്‍ എം.പി വെളിപ്പെടുത്തി

സന്ദര്‍ശനം റദ്ദായതിലെ കോണ്‍ഗ്രസ് ഇടപെടല്‍ സൂചിപ്പിച്ച് കാനം രാജേന്ദ്രനും രംഗത്തെത്തി. ചങ്കൂറ്റത്തിന്റെ പേരില്‍ വീമ്പിളക്കുന്ന മുഖ്യമന്ത്രി പ്രതിഷേധങ്ങളെ മുന്നില്‍ക്കണ്ടുതന്നെ അത്താണിയില്ലാതായ കുടുംബങ്ങളുടെ വേദനകാണാന്‍ പോകണമായിരുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. .കാസര്‍കോട്ടെ കൊലപാതകങ്ങളുടെപേരില്‍ ഒറ്റപ്പെട്ട സി.പി.എമ്മിനെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവിവാദവും രാഷ്ട്രീയമായി വേട്ടയാടുമെന്നുറപ്പായി.