ശരത്തും കൃപേഷും കൊല്ലപ്പെട്ടത് വിശ്വസിക്കാനാകാതെ നാട്; കണ്ണീരോടെ ഉറ്റവർ

കല്ല്യോട്ട് വീണ്ടും അശാന്തിയുടെ കരിനിഴൽ. സിപിഎം–കോൺഗ്രസ് സംഘർഷം പതിവായി നിലനിന്നിരുന്ന പ്രദേശങ്ങളാണ് പെരിയയും കല്യോട്ടും. സാഹചര്യം സാധാരണ നിലയിലേക്ക് തിരികെ വരുമ്പോഴാണ് നാടിനെ നടുക്കി 2 കൊലപാതകങ്ങൾ അരങ്ങേറുന്നത്. കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ക്രൂരമായ ആക്രമണത്തിൽ വെട്ടേറ്റ് മരിക്കുന്നത്. 

കല്യോട്ട് ഭഗവതി ക്ഷേത്രം കഴകത്തിൽ നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ പരിപാടികളിൽ സജീവമായി പങ്കെടുത്തു വീട്ടിലേക്കു മടങ്ങിയ ഇരുവരും കൊല്ലപ്പെട്ടുവെന്ന വിവരം ആർക്കും വിശ്വസിക്കാനായില്ല.

കൃപേഷിനും ശരത് ലാൽ എന്ന ജോഷിക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. മുന്നാട് കോളജിൽ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. ഇതിനു പിന്നിൽ കല്യോട്ടെ സിപിഎം പ്രാദേശിക നേതാവാണെന്ന ആരോപണം ഉയർന്നിരുന്നു.

കാറിലെത്തിയ മൂന്നംഗം സംഘം ഇവരെ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുശേഷം ഇരുവരെയും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത്‌വെച്ച് തന്നെ മരിച്ചു. ശരത് ലാൽ മംഗലാപുരത്തെ ആശുപത്രിയിലാണ് മരണമടഞ്ഞത്. 

സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ പീതാംബരൻ, പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി കല്യോട്ടെ സുരേന്ദ്രൻ എന്നിവരെ ആക്രമിച്ച കേസിൽ കൃപേഷും ശരത് ലാലും പ്രതികളായിരുന്നു. കല്യോട്ട് ക്ഷേത്രത്തിലെ പരിപാടിക്കുശേഷം ഇതിനു പകരം വീട്ടുമെന്നു സിപിഎം ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇതു നേതൃത്വത്തിന്റെ അറിവോടെ പ്രാവർത്തികമാക്കിയതാണെന്നും കോൺഗ്രസ് ആരോപിച്ചു.