രാജ്യത്തിന് നേരെ വന്നാൽ ഞങ്ങളൊന്ന്; പാക് പ്രധാനമന്ത്രിയുടെ പേജിൽ മലയാളി രോഷം

‘ഞങ്ങൾ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ട്രോളും, സംഘിയെയും കമ്മിയെയും കൊങ്ങിയെയും ട്രോളും അതൊക്കെ ഞങ്ങളുടെ കുടുംബകാര്യം. പക്ഷേ ഞങ്ങളുടെ രാജ്യത്തിന് നേരെ വന്നാൽ ഒരു മാലയിൽ കോർത്ത മുത്തുപോലെ ഞങ്ങൾ ഒന്നാകും...’ പുൽവാമയിൽ ഒാരോ ഭാരതീയനായി ചിന്നിച്ചിതറിയ ധീര ജവാൻമാർക്ക് ആദരമർപ്പിച്ചുള്ള ഒരു കമന്റിന്റെ തുടക്കം ഇങ്ങനെയാണ്. മലയാളി ഇതു കുറിച്ചത് അവന്റെ ഫെയ്സ്ബുക്ക് വാളിലല്ല. മറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഒൗദ്ദ്യോഗിക ഫെയ്സ്ബുക്ക് പേജിന് ചുവട്ടിൽ കമന്റായിട്ടാണ്. ഇത്തരത്തിൽ മലയാളിയുടെ രോഷം പുകയുകയാണ് ഇമ്രാൻ ഖാന്റെ പേജിൽ. 

ജീവൻ കൊടുത്ത ജവാൻമാർക്ക് സൈന്യം നീതി നൽകുമെന്നും ചിലർ കന്റിൽ പറയുന്നു. കേട്ടാലറയ്ക്കുന്ന തെറിയുമായി ചിലരും രംഗത്തുണ്ട്. ഇത്തരത്തിൽ മലയാളിയുടെ വക സൈബർ ആക്രമണമാണ് പാക് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ. 

അതേസമയം രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമണത്തിൽ തക്കതായ മറുപടി നൽകണമെന്ന് പലകോണിൽ നിന്നും ആവശ്യം ഉയരുമ്പോൾ യുദ്ധക്കപ്പലുകളോട് തയാറാവാൻ നിർദേശം ലഭിച്ചെന്ന സൂചനയും പുറത്തുവരുന്നുണ്ട്.  അതിർത്തിയിൽ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തിൽ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനവും നിർത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാർവാർ, വിശാഖപട്ടണം തീരങ്ങളിലെത്തി പൂർണമായും ആയുധം നിറച്ചു സജ്ജമാകാൻ നിർദേശിച്ചെന്നാണു സൂചന.