ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍. ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുത്തതെന്ന ഗിന്നസ് റെക്കോഡ് ഇത്തവണ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു. പൊങ്കാലയ്ക്കായി പച്ചക്കട്ടകളും പ്ളാസ്റ്റിക് കവറുകളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10.15ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ ദീപം തെളിയിക്കുന്നതോടെയാണ് ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക. ദിവസങ്ങള്‍ക്ക് മുന്‍പേ ആറ്റുകാല്‍ ക്ഷേത്ര പരിസരം പൊങ്കാല ദിനത്തിന് സമാനമായ തിരക്കിലേക്കമര്‍ന്നതിനൊപ്പം ഒരുക്കങ്ങളും പൂര്‍ത്തിയായി.  2009ല്‍ 25 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തതാണ് ഏറ്റവും വലിയ പൊങ്കാല. ഇത്തവണ അത് 40 ലക്ഷത്തോളമാക്കി ഗിന്നസ് റെക്കോഡ് തിരുത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

ഹരിതചട്ടം പാലിക്കാനായി പൊങ്കാല ഇടാനെത്തുന്നവര്‍ ശ്രദ്ധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പച്ചക്കട്ടകളും പ്ളാസ്റ്റിക് കവറുകളും കോട്ടണ്‍ വസ്ത്രങ്ങളും ഉപയോഗിക്കരുത്. നടപ്പാതയില്‍ പാകിയിരിക്കുന്ന ഓടുകള്‍ക്ക് മുകളില്‍ പൊങ്കാലയിടരുത്. പൊങ്കാലക്കെത്തുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശമുണ്ട്.