എത്രയോ സിനിമ ഇറങ്ങുന്നു? പൃഥ്വിയുടെ തന്നെ കാണണോ? ശബരിമലയെ ചൊല്ലി വീണ്ടും പോര്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ നടൻ പൃഥ്വിരാജിനെച്ചൊല്ലി നവമാധ്യമങ്ങളിൽ വിരുദ്ധചേരികൾ. നടന്‍റെ ഔദ്യോഗിക ഫെയ്‍സ്ബുക്ക് പേജിൽ കമൻറുകളുടെ പ്രവാഹമാണ്. പൃഥ്വിരാജിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായപ്രകടനങ്ങളുണ്ട്. എത്രയോ സിനിമകളിറങ്ങുന്നു, പൃഥ്വിരാജിന്‍റെ സിനിമകൾ തന്നെ കാണണോ എന്നും ചിലര്‍ വിമർശനമുന്നയിക്കുന്നു.

വനിതക്കു നൽകിയ അഭിമുഖത്തിലായിരുന്നു ശബരിമല വിഷയത്തിൽ താരത്തിന്‍റെ അഭിപ്രായപ്രകടനം. പൃഥ്വിരാജിൻറെ വാക്കുകൾ:

''ശബരിമലയിൽ ദർശനത്തിന് പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?''

''പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചിരുന്നതിനാൽ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്. വീട്ടിൽ പൂജാമുറിയിലും പ്രാർഥിക്കും. പള്ളികളിലും പോകും''.