അമ്മയുടെ മുഖത്ത് മുളകുപൊടി വിതറി; കുഞ്ഞുങ്ങളെ കുത്തിക്കൊന്നു: പിതൃസഹോദരന് വധശിക്ഷ

സമാനതകളില്ലാത്ത ക്രൂരതയാണ് 2013 ഒക്ടോബർ 27 ന് പത്തനംതിട്ടയിൽ നടന്നത്. അമ്മയു‌ടെ കൺമുന്നിൽ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ വർഷങ്ങൾക്ക് ശേഷം പ്രതിക്ക് വധശിക്ഷ. കു‌‌ട്ടികളു‌ടെ പിതൃസഹോദരൻ റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോ(47)യ്ക്കാണ് പത്തനംതിട്ട ഒന്നാം നമ്പർ അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2013 ഒക്ടോബർ 27നാണ് നാ‌ടിനെ ഞെട്ടിച്ച സംഭവം. അന്നു രാവിലെ 7.30ന് കൊല്ലപ്പെട്ട മെബിനും (3 വയസ്) മെൽബിനും (7) താമസിക്കുന്ന വീട്ടിലെത്തിയ ഷിബു മുറ്റത്തു നിന്ന മെൽബിനെ കത്തികൊണ്ട് കുത്തി. തടയാൻ ശ്രമിച്ച കു‌ട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊ‌ടി വിതറിയ ശേഷം വീടിനുള്ളിൽ കടന്ന് മെബിനെയും കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

അമ്മയു‌ടെ കൺമുന്നിൽ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച കോടതി വിധിച്ചത് പ്രതിക്ക് പരമാവധി ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം 323,324,449,302 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികളുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് 3 വർഷവും വീടിന് തീവച്ചതിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തിയതിന് 10 വർഷവും കഠിനതടവിനും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 5,45,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട കു‌ട്ടികളുടെ മാതാവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

അമ്മയുടെ കൺമുന്നിൽ വച്ച് ഏഴും മൂന്നും വയസുള്ള കു‌ട്ടികളെ ദാരുണമായി കൊലപ്പെടുത്തിയെന്നത് ശിക്ഷാവിധിയിൽ കോടതി പ്രത്യേകം പരിഗണിച്ചു. കൊലപാതക ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിൽ റാന്നി കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം സമ്മതിച്ചത് പ്രധാന തെളിവായി. പ‌െ‌ട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തു നടത്തിയ കുറ്റകൃത്യമാണെന്നും തെളിയിക്കാനായി. കൊലപാതകത്തിനു ‌ശേഷം വീടു തീ വച്ച് നശിപ്പിക്കാൻ ഷിബു ‍ഡീസൽ വാങ്ങി സൂക്ഷിച്ചിരുന്നു. കൊല ന‌ടത്താൻ റാന്നിയിൽ നിന്നു വാങ്ങിയ കത്തിയുമായാണ് വീട്ടിലെത്തിയെന്നതും കോടതിയിൽ തെളിയിക്കാനായി.

സ്വത്തു തർക്കം കാരണം സഹോദരനോടുണ്ടായിരുന്ന വൈരാഗ്യത്തിൽ ആജീവനാന്തം കു‌‌ടുംബം വേദനിക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. കേസിൽ 35 സാക്ഷികളെ വിസ്തരിച്ചു. 45 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി.