കൊച്ചി നഗരഹൃദയത്തിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പ് ശ്രദ്ധായാകർഷിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കൊച്ചി നഗരഹൃദയത്തില്‍ നടക്കുന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പ്രദേശിക വിഷയങ്ങള്‍ക്കൊപ്പം ശബരിമല വിവാദവും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ദേശീയരാഷ്ട്രീയവുമെല്ലാം ഇവിടെ സജീവ ചര്‍ച്ചയാണ്. കൊച്ചി നഗരസഭയുടെ അന്‍പത്തിരണ്ടാം ഡിവിഷനിലാണ് തീപാറുന്ന പോരാട്ടം നടക്കുന്നത്.

എറണാകുളം മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പുള്ള സെമിഫൈനലായി വ്യാഖ്യാനിക്കപ്പെടുകയാണ് കൊച്ചി നഗരസഭയിലെ വൈറ്റില ജനതാ ഡിവിഷനിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. ശബരിമല ഉള്‍പ്പെടെയുള്ള സമകാലിക രാഷ്ട്രീയവിഷയങ്ങള്‍ തിര‍ഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ പറയുന്നു. ശബരിമല വിവാദം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ ഭരണമികവ് വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇടതുസ്ഥാനാര്‍ഥി, ശബരിമല വിവാദം തിരിച്ചടിയാകില്ലെന്ന് വിശ്വസിക്കുന്നു.

ശബരിമല വിഷയം അനുകൂല സാഹചര്യമൊരുക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലമറിയാം.