ആർക്കും നൽകാതെ എല്ലാ തിരികളും തെളിച്ച് കണ്ണന്താനം; തർക്ക വേദിയായി ശിവഗിരി

ശിവഗിരി ടൂറിസം സർക്യൂട് ഉദ്ഘാടന വേദിയിൽ ,പദ്ധതിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി പോരടിച്ച് കേന്ദ്ര ,സംസ്ഥാന ടൂറിസം മന്ത്രിമാർ. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാൻ അവസാന നിമിഷം ഗൂഡ ശക്തികൾ ഇടപെട്ടെന്നും ശിവഗിരി മഠം സ്വാമിമാർക്ക് സങ്കുചിത രാഷ്ട്രീയമെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. ഭിത്തികളുണ്ടാക്കുന്ന കേരളത്തിന്റെ ചിന്ത മാറണമെന്ന് അൽഫോൻസ് കണ്ണന്താനം തിരിച്ചടിച്ചു. സങ്കുചിത രാഷ്ട്രീയം മOത്തിന്റെ വിഷയമല്ലെന്ന് ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ കടകംപള്ളിക്ക് മറുപടി പറഞ്ഞു. 

ശിവഗിരിയെയും അനുബന്ധ തീർത്ഥാടക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന എജൻസിയെ ഒഴിവാക്കിയത് മുതൽ തർക്കം തുടങ്ങിയിരുന്നു. മറ്റുള്ളവർക്ക് നൽകാതെ അൽഫോൻസ് കണ്ണന്താനം തന്നെ മുഴുവൻ തിരികളും തെളിച്ച് ഉദ്ഘാടനം ചെയ്തതോടെ തർക്കം പ്രകടമായി. 

കണ്ണന്താനത്തെയും  കേന്ദ്രത്തെയും പുകഴ്ത്തിയായിരുന്നു ശിവഗിരി മഠ ജനറൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ആമുഖ പ്രഭാഷണം. പദ്ധതിയിൽ നേരിട്ട് അവകാശം ഉന്നയിക്കാതെ വനിതാ മതിലിനെ ഒളിയമ്പ് കൊണ്ട് വിമർശിച്ച് കേരളം മാറണമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഉദ്ഘാടന പ്രസംഗം.

സംസ്ഥാനത്തിന്റെ പദ്ധതിയെ ബൈപാസ് ചെയ്ത കേന്ദ്രം ഫെഡറൽ തത്വങ്ങൾ ലംഘിച്ചെന്ന ആരോപിച്ച കടകംപള്ളി സുരേന്ദ്രൻ ശിവഗിരി സന്യാസിമാരെയും വിമർശിച്ചു. തൊട്ടുപിന്നാലെ മഠം ട്രഷർ സ്വാമി ശാരദാനന്ദ വക മന്ത്രിക്ക് മറുപടി. സ്വാമിമാർക്ക് രാഷ്ട്രീയം എന്നാരോപിച്ച് എം.പി സമ്പത്ത് അതിന് മറുപടി.