വീണ്ടും നായ്ക്കളുടെ അഴുകിയ ജഡങ്ങൾ; പനമരത്ത് ആശങ്ക

വയനാട് പനമരം ചെറിയപുഴയില്‍ വീണ്ടും നായ്ക്കളുടെ അഴുകിയ ജഡങ്ങള്‍. നാലുദിവസത്തിനിടെ പതിനെട്ട് ജ‍ഡങ്ങള്‍ കണ്ടെത്തിയതോടെ പുഴയില്‍നിന്നുള്ള കുടിവെള്ള പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിവരമറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പനമരം ടൗണിനോട് ചേര്‍ന്നാണ് ചെറിയപുഴ. നായ്ക്കളുടെ ജഡം കൂട്ടത്തോടെ പുഴയില്‍ കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതിപടര്‍ത്തിയിരിക്കുകയാണ്. നായ്ക്കളെ വിഷം വെച്ചു കൊലപ്പെടുത്തി പുഴയിൽ ഒഴുക്കിവിടുന്നു എന്നാണ് കരുതുന്നത്. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ജഡം പുഴയില്‍നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പുഴയില്‍നിന്നുള്ള കുടിവെള്ള പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.