ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്; ‌പോരാട്ടം ശക്തമാക്കാനൊരുങ്ങി സമരസമിതി

കരിമണല്‍ ഖനനത്തിനെതിരായ ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്. സമരത്തിനോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സമരസമിതി. 

അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ റിലേ നിരാഹാരസമരം നാളെ നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. നൂറാം ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു ആളുകളെ പങ്കെടുപ്പിച്ച് സത്യാഗ്രഹം നടത്തും. 101-ാം ദിവസമായ വെള്ളിയാഴ്ച്ച ആലപ്പാട്ട് പഞ്ചായത്തിലെ പത്തിലധികം കേന്ദ്രങ്ങളില്‍ ഗ്രാമവാസികൾ ഒന്നടങ്കം നിരാഹാരം അനുഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമരം എല്ലാ ജില്ലകളിലേക്കും ഒപ്പം സെക്രട്ടേറിയേറ്റിന് മുന്നിലേക്കും വ്യാപിക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. മഴക്കാലത്ത് ആലപ്പാട് കരിമണൽ ഖനനം നിർത്താമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനവും സമരസമിതി തള്ളി. 

പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയുടെ കരിമണല്‍ ഖനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം. പ്രശ്നപരിഹാരത്തിനായി വ്യാവസായമന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഖനനം പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തും വരെ പോരാട്ടം തുടരുമെന്ന് സമരസമിതിയും തറപ്പിച്ചു പറയുന്നു.