ഒാട്ടിത്തിനിടെ ബസിന്റെ ബ്രേക്ക് പോയി; ജീവനക്കാർ ചാടിയിറങ്ങി കല്ലിട്ട്നിർത്തി; കയ്യടി

കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കൃത്യമായ ഇടപെടൽ ഒട്ടേറെ യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടോടിയപ്പോൾ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നു ചാടിയിറങ്ങി ടയറിനു കുറുകെ കല്ലും മറ്റുമിട്ട് ബസ് നിർത്തുകയായിരുന്നു.

ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വലിയ ദുരന്തമാണ്. ആലപ്പുഴ–മധുര ദേശീയപാതയിൽ കള്ളിപ്പാറയ്ക്കു സമീപം ഇന്നലെ രാവിലെ 7.35 നായിരുന്നു സംഭവം. 75 യാത്രക്കാരുമായി കട്ടപ്പനയിൽ നിന്ന് ആനക്കട്ടിക്കു പോയ കട്ടപ്പന ഡിപ്പോലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടപ്പെട്ടത്.  കള്ളിപ്പാറ എസ് വളവിനു സമീപമായിരുന്നു സംഭവം.

തിങ്കളാഴ്ചയായതിനാൽ ഉദ്യോഗസ്ഥരായിരുന്നു ബസിൽ കൂടുതലും.  കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്നു ഡ്രൈവർ അറിയുന്നത്. ഉടൻ തന്നെ ഹാൻഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടർന്ന് ബസിന്റെ 2 ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി.  തുടർന്നാണ് ബസിന്റെ മുന്നിൽ കല്ലും മറ്റും ഇട്ട് തടസ്സം സൃഷ്ടിച്ചു നിർത്തിയത്. ‌‌‌‌ഡ്രൈവർ സോണി ജോസിന്റെയും കണ്ടക്ടർ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണു വൻ ദുരന്തം ഒഴിവാക്കിയത്.

ഈ മേഖലകളിൽ കുത്തിറക്കവും വളവുകളും മൂലം ഒട്ടേറെ അപകടങ്ങൾ ഉണ്ടാകാറുണ്ട്.  കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ പ്രാവശ്യമാണ് ഈ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നത്. ഈ ദേശീയപാതയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ വളരെ കാലപ്പഴക്കം ചെന്നതാണ്.  ഇവയുടെ അറ്റകുറ്റപ്പണികൾ കാര്യമായി നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.