വരുന്നൂ, കെ.എസ്.ആര്‍.ടി.സി അതിവേഗ എ.സി ബസുകള്‍; തിരുവനന്തപുരം-എറണാകുളം യാത്ര ഇനി സുഗമം

തിരുവനന്തപുരം എറണാകുളം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ എ.സി ബസുകള്‍ വരുന്നു. വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസുകളാണ് അഞ്ചുസ്റ്റോപ്പുകള്‍ മാത്രമുള്ള സര്‍വീസിനായി ഉപയോഗിക്കുന്നത്. ശബരിമലയില്‍ ഇലക്ട്രിക് ബസുകള്‍ വന്‍ വിജയമായതോടെ കൂടുതല്‍ ബസുകള്‍ വാടകയ്ക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയില്‍ ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം സര്‍വീസ് നടത്തിയത് ശരാശരി  360 കിലോമീറ്റര്‍. ഒരു കിലോമീറ്ററിലെ വരുമാനം 110 രൂപ. ബസ് വാടകയും വൈദ്യുതിയും ഉള്‍പ്പടെയുള്ള ചെലവ് 53 രൂപ. ബാക്കി 57 രൂപ ലാഭം. ആ നേട്ടം തിരുവനന്തപുരം എറണാകുളം റൂട്ടിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. ട്രെയിന്‍യാത്രക്കാരെ ലക്ഷ്യമിട്ടിറക്കുന്ന അതിവേഗ ബസിന് അഞ്ച് പ്രധാനയിടങ്ങളില്‍ മാത്രമേ സ്റ്റോപ്പുള്ളൂ.

കണ്ടക്ടര്‍മാരില്ലാതെയാകും സര്‍വീസ്. യാത്രക്കാര്‍ അതാത് സ്റ്റേഷനുകളില്‍ ടിക്കറ്റെടുത്ത് കയറണം. 32 സീറ്റുകളുള്ള പത്തുബസുകളാണ് ഇപ്പോഴുള്ളത്. നിലവിലുള്ള സീറ്റുകള്‍ മാറ്റി ദീര്‍ഘദൂരയാത്രയ്ക്ക് സഹായകരമായ പുഷ് ബാക്ക് സീറ്റുകള്‍ സ്ഥാപിക്കും. ഈ മാസം അവസാനത്തോടെ ബസുകള്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.