ബക്കറ്റ് പിരിവില്ലെങ്കിൽ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതാകും: കോടിയേരി

തിരഞ്ഞെടുപ്പ് കാലമാണ് വരാൻ പോകുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പണം ആവശ്യമായ സമയം. ഈ ഘട്ടത്തിലാണ് പണപ്പിരിവിനെ പറ്റിയുള്ള പാർട്ടി നിലപാട് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നത്.

ബക്കറ്റ് പിരിവിന്റെ പേരിൽ സി പി എമ്മിനെ പലരും പരിഹസിക്കാറുണ്ടെന്ന് കോടിയേരി സമ്മതിക്കുന്നു. പാർട്ടി അണികൾ പോലും തുടർച്ചയായ  ബക്കറ്റ് പിരിവുകളെ ചോദ്യം ചെയ്യാറുണ്ടെന്നും കോടിയേരി തുറന്നു പറയുന്നു. പക്ഷേ ബക്കറ്റ് പിരിവില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയല്ലാതാവുമെന്നാണ് കോടിയേരിയുടെ പക്ഷം. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പക്കൽ നിന്ന് പണം വാങ്ങിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. അതിന് ബക്കറ്റ് പിരിവ് തന്നെ വേണമെന്നാണ് കോടിയേരി വാദിക്കുന്നത്.

ബിജെപിയും കോൺഗ്രസും കോർപറേറ്റ് സംഭാവനകൾ വാങ്ങിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും കോടിയേരി വിമർശിക്കുന്നു. ഇലക്ടറൽ ബോണ്ട് വഴി ഇരുന്നൂറ്റി ഇരുപത് കോടി രൂപയുടെ സംഭാവനയാണ് ബി ജെ പി കോർപറേറ്റുകളിൽ നിന്ന് സ്വീകരിച്ചത്.എന്നാൽ അടുത്തിടെ നിയമസഭ  തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിൽ കോർപറേറ്റുകൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടു പോലും അത് സി പി എം നിരസിച്ചെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി അവകാശപ്പെട്ടു.

കളമശേരിയിൽ സി പി എം സംഘടിപ്പിച്ച ഇ. ബാലാനന്ദൻ അനുസ്മരണ പരിപാടിയിൽ കോടിയേരി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ കാണാം.