ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങരയിലെ കൃഷിഭവനില്‍ കൃഷി ഓഫിസറില്ല

അപ്പര്‍കുട്ടനാട് മേഖലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങരയിലെ കൃഷിഭവനില്‍ കഴിഞ്ഞ മൂന്നുമാസമായി കൃഷി ഓഫിസറില്ല. കൃഷിവകുപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ക്കാണ് അധിക ചുമതല. കീടനാശിനി പ്രയോഗത്തിനിടെ രണ്ടുപേര്‍ മരിച്ചതിനുപിന്നാലെ കൃഷി ഓഫിസറെ നിയമിക്കാന്‍ നടപടി തുടങ്ങിയതായാണ് സൂചന.

അപ്പര്‍കുട്ടനാട് മേഖലയിലുള്ള പെരിങ്ങര പഞ്ചായത്തില്‍ രണ്ടായിരത്തിയഞ്ഞൂറോളം ഏക്കര്‍ പാടത്താണ് നെല്‍ക്കൃഷിയുള്ളത്. മറ്റ് കൃഷികള്‍ ഇതിന് പുറമേയാണ്. ഒരു കൃഷി ഓഫിസര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലുമധികം ജോലിയുള്ള കൃഷിഭവനിലാണ് കഴിഞ്ഞ മൂന്നുമാസമായി നിയമനം നടത്താത്തത്. കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളടക്കം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

കൃഷി ഓഫിസര്‍ ഉണ്ടെങ്കില്‍തന്നെ വളം–കീടനാശിനി പ്രയോഗം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. അംഗീകൃതവും, അനധികൃതവുമായ കേന്ദ്രങ്ങളില്‍നിന്നെല്ലാം കൃഷി വകുപ്പിന്‍റെ അറിവില്ലാതെ കീടനാശികള്‍ കര്‍ഷകര്‍ വാങ്ങുന്നതും പ്രശ്നമാണ്. തൊഴിലാളികള്‍ സുരക്ഷാമുന്‍കരുതലെടുക്കാത്തതും സ്ഥിതി രൂക്ഷമാക്കുന്നു.

കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അപ്പര്‍കുട്ടനാട് മേഖലയിലെത്തി സ്ഥിതിഗതി വിലയിരുത്തിയിട്ടുണ്ട്.