മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി

മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വഖഫ് ബോര്‍ഡിലേക്ക് മുഴുവന്‍ സമയ ജോയന്റ് സര്‍വേ കമ്മിഷണറെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ടായിരത്തി പതിമൂന്നിലെ നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഏകാംഗ ട്രൈബ്യൂണലിനു പകരമായി മൂന്നംഗ ട്രൈബ്യൂണല്‍ നിലവില്‍ വരുന്നത്. വഖഫ് കേസുകളുടെ കൈകാര്യം മാത്രമാണ് പുതിയ ട്രൈബ്യൂണല്‍ ലക്ഷ്യമിടുന്നത്. കേസുകളില്‍ കണിശമായ നിലപാടുകള്‍ സ്വീകരിക്കും. വിവിധ കോടതികളില്‍ നിലവില്‍ വഖഫുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ട്രൈബ്യൂണലിലേക്ക് മാറ്റും. പുതിയ ട്രൈബ്യൂണലിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു. 

കേരള ഹൈക്കോടതി ജഡ്ജി സി.കെ.അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ട്രൈബ്യൂണല്‍ ചെയര്‍മാന്‍ കെ.സോമന്‍, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വഖഫ് ട്രൈബ്യൂണലിലെ നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് അടുത്തമാസം  പരിഹാരം കാണാമെന്ന് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന്  നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍നിന്ന് സമസ്ത നേതാക്കള്‍ പിന്‍വാങ്ങിയത്.