എട്ട് ബസുകളുടെ ചുമതല ഒരു ഇൻസ്പെക്ടർക്ക്; പദ്ധതികളുമായി കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സി പ്രതിദിനവരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ജനുവരി 16 മുതൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നു. ഓരോ യൂണിറ്റിലെയും എട്ട് ബസുകളുടെ ചുമതല ഒരു ഇൻസ്‌പെക്ടർക്ക് വീതിച്ചു നൽകുന്നതാണ് പ്രധാന മാറ്റം.  ഇതിനായി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകി. 

6 കോടി മുതൽ 6.5 കോടി രൂപ വരെയാണ് കെഎസ്ആർടിസിയുടെ നിലവിലെ ശരാശരി പ്രതിദിന വരുമാനം. ഒരു കോടി രൂപ കൂടി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള പുതിയ നിർദേശങ്ങൾ ഈ മാസം 16 മുതൽ നടപ്പിലാക്കും.  ബസുകളുടെ അടിസ്ഥാനത്തിലല്ല ഇതുവരെ ഓരോ യൂണിറ്റുകളും ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിരുന്നത്. ഇനി മുതൽ എട്ട് ബസുകളുടെ ചുമതല ഒരു ഇൻസ്പെക്ടർക്ക് നൽകും. റൂട്ട് പ്ലാനിങ്, പരാതികൾ,

അറ്റകുറ്റപ്പണികൾ, വരുമാനം തുടങ്ങി എല്ലാ കാര്യങ്ങളുടെയും ചുമതല ഈ ഇൻസ്പെക്ടർക്കായിരിക്കും. ഒരു യൂണിറ്റിൽ മതിയായ എണ്ണം ഇൻസ്‌പെക്ടർമാർ ഇല്ലെങ്കിൽ കൂടുതലുള്ള യൂണിറ്റുകളിൽ നിന്നും നിയോഗിക്കും. ഈ കാര്യങ്ങളുടെ മേൽനോട്ടത്തിനും വരുമാന വർധനയും ലക്ഷ്യമിട്ട് ചീഫ് ഓഫിസിൽ ഉദ്യോഗസ്ഥർക്ക് അധികചുമതലയും നൽകി ഉത്തരവിറക്കിയിട്ടുണ്ട്.