ആഘോഷചിത്രമിട്ടതിന് പിന്നാലെ ഇടിച്ചുകയറി മരണം; കണ്ണീരായി ഈ സഹോദരങ്ങള്‍

സഹോദരങ്ങളുടെ അപകടമരണം വീടിനും നാടിനും കൂട്ടുകാര്‍ക്കും ആഘാതമായി. ആ ചിത്രത്തിൽ നിന്ന് അവർ ബൈക്കോടിച്ചു പോയതു മരണത്തിലേക്കായിരുന്നു. മരണത്തിന് ഒന്നര മണിക്കൂർ മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു മൊബൈൽ ഫോണിൽ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു അജേഷും അനീഷും. പുലർച്ചെയും മത്സരിച്ചു ലൈക്കടിച്ചവർക്കും കമന്റിട്ടവർക്കും മരണവാർത്ത കണ്ണീരിൽ കുതിർന്ന സാഡ് റിയാക്ഷനായി. പുലർച്ചെ രണ്ടോടെയാണ് സഹപാഠികൾ ചേർന്നുള്ള ഗ്രൂപ്പിൽ അജേഷ് സെൽഫി പോസ്റ്റു ചെയ്തത്.

ലുലു മാളിലെ റസ്റ്ററന്റിൽ ഷെഫായ അജേഷ് ജോലികഴിഞ്ഞു ചേർത്തലയിലെ വീട്ടിലേക്കു മടങ്ങാനിരിക്കെയാണ് അനിയൻ അനീഷ് കോഴിക്കോട്ടുനിന്നും തീവണ്ടിയിൽ തിരിച്ചിട്ടുണ്ടെന്നറിയിച്ചത്. സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ വണ്ടി എത്താൻ 2 മണിയാകുമെന്നറിഞ്ഞു. ഇതോടെ അജേഷ് കൂട്ടുകാരനായ ടാക്‌സി ഡ്രൈവർ അറവുകാട് സ്വദേശി ജോസിനെയും റെയിൽവേ സ്‌റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സ്റ്റേഷനിലെ കാത്തിരിപ്പിന്റെ നിമിഷങ്ങളും അജേഷ് പങ്കുവെച്ചിരുന്നു.

1.50നു വണ്ടിയെത്തിയപ്പോൾ മൂവരും ചേർന്നുള്ള സെൽഫി പകർത്തിയത് അനീഷായിരുന്നു. തുടർന്ന് ജോസ് എറണാകുളത്തു തന്നെ നിന്നപ്പോൾ സഹോദരങ്ങൾ ബൈക്കിൽ ചേർത്തല തൈക്കലുളള വീട്ടിലേക്കു തിരിച്ചു. പുലർച്ചെ ഞെട്ടലോടെയാണ് അപകടമരണ വാർത്ത നാട് അറിഞ്ഞത്. ഇരുവരും ഒരുമിച്ച് വീട്ടിലെത്തുന്നതും കാത്തിരുന്ന കുടുംബത്തിന് അവരുടെ മരണവാർത്തയാണ് കേൾക്കേണ്ടി വന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടരയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. സംസ്കാരവും നടത്തി.