പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല; സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ പരാജയം

പ്രളയം കഴിഞ്ഞ് അഞ്ച് മാസംകഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ക്രൗഡ്ഫണ്ടിംങ് പോര്‍ട്ടല്‍ പരാജയം. തകര്‍ന്ന പൊതുസ്ഥാപനങ്ങള്‍ മുതല്‍ കന്നുകാലിഷെഡുവരെ പൊതുഫണ്ടിംങിനായി വെച്ചിട്ടും ജനങ്ങളുടെ പ്രതികരണം പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല. കാലതാമസം പദ്ധതിയെ പ്രതികൂലമായി ബാധിച്ചതാണ് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് മനോരമ ന്യൂസിനോട് പറഞ്ഞു. 

  ഒാഗസ്റ്റിലെ പ്രളയത്തില്‍തകര്‍ന്ന ചെങ്ങന്നൂര്‍ ചെറിയനാട്ടെ അംഗന്‍വാടി പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടത് 25 ലക്ഷം രൂപയാണ്. സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംങ് പോര്‍ട്ടലിലൂടെ അഞ്ച് മാസം കൊണ്ട് കിട്ടിയതാകട്ടെ വെറും 2050 രൂപ. അടിമാലി ബൈസണ്‍വാലിയിലെ അംഗന്‍വാടിക്കും 25 ലക്ഷം വേണം, കിട്ടയത് പതിനൊന്നായിരവും. തകഴിചമ്പക്കുളത്ത് ക്രൗഡ് ഫണ്ടിംങിലൂടെ സമാഹരിക്കാനായത് 20250 രൂപ. ചെന്നംപള്ളിപ്പുറത്തെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ തുക 96 ലക്ഷം രൂപ. കിട്ടിയത് 5000 മാത്രം. കൈനകരിയില്‍ ഒരുകോടി വേണ്ടിടത്ത് , ലഭിച്ചത് അയ്യായിരം രൂപ. സ്്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനും വേണ്ട പ്രതികരണം ലഭിച്ചിട്ടില്ല. കന്നുകാലിഷെഡുകളുടെ നിര്‍മ്മാണം, പുതിയ കന്നുകാലികളെ വാങ്ങി നല്‍കുക എന്നുവക്കും ഒരു പ്രതികരണവും ഉണ്ടാക്കാനായില്ല.  59 ലക്ഷം വേണ്ടിടത്ത് കിട്ടിയത് വെറും ആയിരം രൂപ. ക്രൗഡ് ഫണ്ടിംങ് എന്ന ആശയം വേണ്ടരീതിയില്‍ജനങ്ങളിലേക്ക് എത്താത്തതാണ് പരാജയത്തിന്റെ പ്രധാനകാരണം. പക്ഷെ പ്രളയം കഴി‍ഞ്ഞ്  ഇത്രയധികം ദിവസം കഴിഞ്ഞപോയതിനാലാണ് പ്രതികരണമില്ലാത്തതെന്നാണ് ധനമന്ത്രി നല്‍കുന്ന വിശദീകരണം.

അതേസമയം സര്‍ക്കാര്‍ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങിയതോടെ പ്രാദേശികമായി ഫണ്ട് സമാഹരണം ഊര്‍ജിതമായി. ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നേരിട്ട് സഹായം സ്വരൂപിക്കുന്നതിന് നല്ലപ്രതികരണമാണ് ലഭിച്ചുവരുന്നത്. പ്രവാസികളും രാജ്യാന്തര ഏജന്‍സികളും ഒാരോ പദ്ധതിയും നേരിട്ട് കണ്ട് സഹായം നല്‍കാന്‍ മുന്നോട്ട് വന്നതോടെയാണ് ക്രൗഡ്ഫണ്ടിംങ് പരാജയമായത്.