പ്രേമചന്ദ്രന് എന്തോ തകരാറുണ്ട്, എംപിയുടെ പോക്കറ്റിലാണോ മോദി: ബൈപാസിൽ വാക്പോര്

ഉദ്ഘാടനതീയതി പ്രഖ്യാപിച്ചെങ്കിലും കൊല്ലംബൈപാസിനെ ചൊല്ലി രാഷ്ട്രീയപോര് മുറുകുന്നു. ഉദ്ഘാടനം സംസ്ഥാനസര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്ക് എന്തോതകരാറുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പ്രധാനമന്ത്രി എം.പിയുടെ പോക്കറ്റിലിരിക്കുന്ന ആളാണോയെന്നും പദവിയില്‍ ഇരിക്കുന്നവര്‍ അതിന്റെ മര്യാദ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനം നീട്ടി കൊല്ലം ബൈപ്പാസിന്റെ അവകാശം ഏറ്റെടുക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു സംസ്ഥാന സർക്കാരിന്റേതെന്ന എന്.കെ.പ്രേമചന്ദ്രന്റെ പരാമര്‍ശമാണ് മന്ത്രി ജി.സുധാകരനെ ചൊടിപ്പിച്ചത്.

പ്രേമചന്ദ്രന്‍ നുണ പറയുന്നെന്നും ഇത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതല്ലെന്നും ജി.സുധാകരന്‍. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെ നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു.  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രേമചന്ദ്രന്‍ ചാടിക്കറി പ്രഖ്യാപിച്ചത് ശരിയായില്ല. എം.പിയുടെ കൊക്കിലൊതുങ്ങാത്ത കാര്യമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രേമചന്ദ്രനുണ്ടായ തന്ത്രപരമായ വീഴ്ചയാണിതെന്നും സുധാകരന്‍.

പ്രധാനമന്ത്രി വരുന്നതായി പത്രമോഫീസുകളില്‍ കത്തുകൊടുത്തതല്ലാതെ ബി.ജെ.പി നേതാക്കള്‍ ബൈപാസിനായി ഒന്നും ചെയ്തിട്ടില്ല. ഇടതുസര്‍ക്കാരാണ് പദ്ധതിയുടെ 70 ശതമാനവും പൂര്‍ത്തിയാക്കിയതെന്നു മനസിലാക്കി ബി.ജെ.പിയും യുഡിഎഫും മാന്യമായി പെരുമാറണമെന്നും ജി.സുധാകരന്‍ പറഞ്ഞു.