രാജ്യറാണി എക്സ്പ്രസ് സ്വതന്ത്രട്രെയിനാകും; കാത്തിരിപ്പിനൊടുവിൽ നല്ല സൈറൺ മുഴങ്ങി

കാത്തിരുപ്പിനൊടുവില്‍ നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് സ്വതന്ത്രട്രെയിനാകും. നിലവില്‍ അമൃത എക്സ്പ്രസുമായി ഘടിപ്പിച്ച്  ലിങ്ക്പ്രസായാണ് രാജ്യറാണി സര്‍വീസ് നടത്തുന്നത്. മനോരമ ന്യൂസ് നടത്തിയ മാസങ്ങള്‍ നീണ്ട ക്യാംപയിനൊടുവിലാണ് 2010ല്‍ രാജ്യറാണി ഒാടിത്തുടങ്ങിയത്. 

കേന്ദ്രമന്ത്രി  പീയുഷ് ഗോയല്‍ ഒപ്പുവച്ചതോടെയാണ് രാജ്യറാണി എക്സ്പ്രസ്  സ്വതന്ത്രട്രെയിനായി മാറുമെന്ന് ഉറപ്പായത്.  ഒരു എ.സി കംപാര്‍ട്ടുമെന്റടക്കം അമൃത എക്സ്പ്രസിന്റെ ഭാഗമായാണ് നിലവില്‍ രാജ്യറാണി സര്‍വീസ് നടത്തുന്നത്. നിലമ്പൂരില്‍ നിന്ന് രാത്രി 8.40ന് പുറപ്പെട്ട് പാലക്കാടു നിന്നു വരുന്ന അമൃത എക്സ്പ്രസുമായി ഷൊര്‍ണൂരില്‍ നിന്ന് ചേര്‍ന്നാണ് പിന്നീടുളള യാത്ര. ലിങ്ക് എക്സ്പ്രസ് സ്വതന്ത്രട്രെയിനായി മാറുന്നതോടെ കോച്ചുകളുടെ എണ്ണം 16 മുതല്‍ 21 വരേയാവും.

കേരള എക്സ്പ്രസിന് പുതിയ ബോഗികള്‍ എത്തുബോള്‍ പഴയ ബോഗികള്‍ രാജ്യറാണിക്ക് കൈമാറാനാണ് തീരുമാനം. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി രാജ്യറാണി കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഇതേ സമയത്ത് ഒാടുന്ന അമൃത എക്സപ്രസ് നാഗര്‍കോവിലിലേക്ക് നീട്ടിയിട്ടുണ്ട്. അമൃതയുടെ സ്ഥലം പ്രയോജനപ്പെടുത്തി രാജ്യറാണി തിരുവനന്തപുരം വരേയാക്കണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.