കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിലെ സമരം ശരിയല്ലെന്ന് മന്ത്രി; അറിവില്ലായ്മയെന്ന് സമരസമിതി

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയില്‍ സമരം നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ മന്ത്രി ഇ.പി. ജയരാജന്‍. ഒരു ജോലിയും ചെയ്യാത്ത തൊഴിലാളികള്‍ക്ക് പ്രതിമാസം പണം നല്‍കുന്നത് ശരിയല്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ അറിവില്ലായ്മ മൂലമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് സമരസമിതി പ്രതികരിച്ചു. 

മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയില്‍ സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപയാണ് നല്‍കുന്നത്. തെറ്റായ നടപടിയെന്നാണ് വ്യവസായ മന്ത്രി ഇതിനെ വിശേഷിപ്പിക്കുന്നത്. ജോലി ചെയ്യാതെ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പണം നല്‍കുന്നത് ശരിയല്ല. ഫാക്ടറി പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയില്‍ ഭൂരിഭാഗം തൊഴിലാളികളും നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോയപ്പോള്‍ ജോലി തന്നെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. ഇതിനായി നിയമസഭ നിയമം പാസാക്കിയിട്ടുണ്ട്. അതിന് രാഷ്ട്രപതിയുടെ അംഗീകാരവും  ലഭിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍  തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. മാസംതോറും പണംനൽകുന്നത് ഒഴിവാക്കാന്‍ വീണ്ടും നിയമനിർമാണം നടത്തുകയും വേണം. 

നിയമസഭ പാസാക്കിയ ബില്‍ പ്രകാരം ട്രസ്‌റ്റിനു കീഴിൽ മാനാഞ്ചിറയിലുള്ള കൈത്തറി നെയ്‌ത്തു ഫാക്‌ടറിയും ഇതിനോടു ചേർന്ന വസ്‌തുക്കളും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ ആദ്യപടിയായി കെഎസ്ഐഡിസി സംഘം കഴിഞ്ഞവർഷം ഫാക്ടറി സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് ബോർഡിനു സമർപ്പിച്ചു. കോംട്രസ്റ്റ് പ്രശ്നം എത്രയുംവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചമുൻപ് സിപിഐ ജില്ലാ നേതൃത്വം സിപിഎം ജില്ലാനേതൃത്വത്തിനു കത്തും നൽകിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിക്ക് വ്യക്തതയുണ്ടായിരുന്നില്ല. മന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ സമരസമിതി രംഗത്തെത്തി. മന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും അറിവില്ലായ്മ മൂലമാണ് പ്രസ്താവനയെന്നും സമരസമിതി ആരോപിച്ചു.