പണിമുടക്കില്‍ കോഴിക്കോട്ടെ ജില്ലാമൃഗാശുപത്രി ജീവനക്കാർക്ക് പണികിട്ടി

തൊഴിലാളി പണിമുടക്കില്‍ കോഴിക്കോട്ടെ ജില്ലാമൃഗാശുപത്രി ജീവനക്കാര്‍ക്കാക്ക് ശരിക്കും പണികിട്ടി. വാഹനമിടിച്ച് ഗുരുതര പരുക്കുകളോടെ മൃഗാശുപത്രിയിലെത്തിച്ച പശു ചത്തതോടെ സംസ്കരിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ആശുപത്രി ജീവനക്കാര്‍.

വെള്ളയില്‍ കോയാ റോഡില്‍ വച്ച് വാഹനമിടിച്ചു പരുക്കേറ്റ ഒന്നരവയസ് പ്രായം തോന്നിക്കുന്ന പശുവിനെ രാത്രിയാണ് നാട്ടുകാര്‍ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചത്. അടിയന്തിര ചികില്‍സകള്‍ നല്‍കിയെങ്കിലും രാവിലയോടെ ചത്തു. ഉടമകളില്ലാത്തതിനാല്‍  കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തെ ഏല്‍പിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. പലവട്ടം വിളിച്ചെങ്കിലും പണിമുടക്കായതിനാല്‍ ആരും ഫോണെടുത്തില്ല. ഗതികെട്ട്  ജില്ലാമൃഗക്ഷേമ ഓഫീസര്‍ കലക്ടറെ സമീപിച്ചു. കലക്ടര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ അടക്കമുള്ളവരെ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സ്വകാര്യ ആവശ്യത്തിനായി ചെന്നൈയില്‍ പോയിരിക്കുന്ന മേയറെ തന്നെ കലക്ടര്‍ നേരിട്ടുവിളിച്ചു. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് നാളെ തന്നെ പശുവിനെ സംസ്കരിക്കാന്‍ നടപടിയെടുക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി. പക്ഷേ അതുവരെ ആശുപത്രിക്ക് അകത്ത് സൂക്ഷിക്കണം. അതിനായി ആശുപത്രിയിലുണ്ടായിരുന്ന ഫോര്‍മാലിന്‍ ലായനി തുണിയില്‍ മുക്കി പശുവിനെ പൊതിഞ്ഞു പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുകായാണ് ആശുപത്രി ജീവനക്കാര്‍.