കെഎസ്ആർടിസിയിലെ കൂട്ടപിരിച്ചുവിടൽ; വലഞ്ഞ് യാത്രക്കാർ

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയത് തെക്കന്‍കേരളത്തില്‍ യാത്രക്കാരെ വലച്ചു. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളാണ് റദ്ദായത്. കൊല്ലത്ത് പ്രശ്നമുണ്ടായില്ലെങ്കിലും പത്തനംതിട്ടയില്‍ സര്‍വീസ് മുടങ്ങിയത് ശബരിമല തീര്‍ഥാടകരെയടക്കം ബാധിച്ചു. തിരുവനന്തപുരം സിറ്റി, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, കാട്ടാക്കട അടക്കം ജില്ലയിലെ 23 ഡിപ്പോകളില്‍ നിന്നും സര്‍വീസുകള്‍ മുടങ്ങി. സിറ്റി ഡിപ്പോയില്‍ നിന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള സര്‍വീസാണ് മുടങ്ങിയത്. 

നെയ്യാറ്റിന്‍കരവഴി നാഗര്‍കോവിലിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ ചിലതും മുടങ്ങി. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ ബസുകളായി യാത്രക്കാര്‍ക്ക് ആശ്രയം. കൊല്ലത്ത് സര്‍വീസുകള്‍ മുടങ്ങിയില്ല. പമ്പ ഡിപ്പോയില്‍ ഏഴ് സര്‍വീസുകളാണ് മുടങ്ങിയത്. ശബരിമല തീര്‍ഥാടകരെ ബാധിക്കാതിരിക്കാന്‍ മറ്റ് ഡിപ്പോകളില്‍ നിന്ന് കണ്ടക്ടര്‍മാരെ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയില്‍ 14ഉം തിരുവല്ല ഡിപ്പോയില്‍ 12ഉം സര്‍വീസുകള്‍ റദ്ദായി. റാന്നി ഡിപ്പോയില്‍ നിന്നുള്ള നാല് സര്‍വീസുകളും മുടങ്ങി.