അർധ രാത്രി വീട്ടിൽ കയറി മാല മോഷ്ടിച്ചു; പിന്നാലെ കളളന് വഴിതെറ്റി; പിടിയിൽ

അർധ രാത്രിയിൽ വീട്ടിൽ കയറി മാല മോഷ്ടിച്ച് ഓടിയ കള്ളന് വഴി തെറ്റി. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം സുരഭി നഗറിലാണ് സംഭവം. 3 സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ സിമന്റ് ജനൽ തകർത്ത് അകത്ത് കയറി അടുക്കള ഭാഗത്തെ വാതിൽ തുറന്ന് വച്ചു ഉറങ്ങിക്കിടക്കുകയായിരുന്ന അക്കാളത്ത് രാധയുടെ 2 പവൻ മാല പറിച്ചെടുത്ത് അടുക്കള ഭാഗത്തു കൂടി ഇറങ്ങി ഓടി. 

കള്ളൻ മാല പറിച്ച് ഓടിയപ്പോൾ ബഹളം കൂട്ടാതെ സ്ത്രീകൾ തൊട്ടടുത്ത വീട്ടിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രഭാകരനെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. പ്രഭാകരൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പരിസരത്തുള്ള ആളുകളെ ഫോണിൽ വിളിക്കുകയും ചെയ്തു.

ഈ പ്രദേശത്ത് നിന്ന് പരിചയമില്ലാത്ത ഒരാൾക്ക് രാത്രിയിൽ പെട്ടെന്ന് പുറത്തു കടക്കുക പ്രയാസമാണെന്ന് നാട്ടുകാർക്ക് അറിയാം. വീട്ടിൽ നിന്ന് കള്ളൻ ഇറങ്ങി ഓടുമ്പോൾ കയറി വന്ന വഴി മാറി മറ്റൊരു വഴിയിലൂടെയാണ് ഓടിയത്. ഇത് സമീപ വീട്ടിൽ മരപ്പണി എടുക്കുന്ന ആൾ കണ്ടിരുന്നു. അയാൾ അക്കാര്യം നാട്ടുകാരെ അറിയിച്ചു. കള്ളൻ ഓടിയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുമ്പോഴേക്കും നാട്ടുകാരും പൊലീസും എത്തിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയ വിവരം കള്ളന് മനസിലാകുന്നത്. 

നാട്ടുകാർ പിടികൂടിയപ്പോൾ കള്ളൻ മാല ഉപേക്ഷിച്ചുവെങ്കിലും സത്യം തുറന്നു പറയേണ്ടി വന്നു. മാല പൊലീസ് വഴിയിൽ നിന്ന് കണ്ടെടുത്തു. തമിഴ്നാട് സ്വദേശിയായ 40 കാരനാണ് കള്ളൻ. വർഷങ്ങളായി കാങ്കോൽ പപ്പാരട്ടയിൽ താമസിച്ചു വരികയാണ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.