കാടിരുട്ടിൽ ജോർജിനെ വെടിവച്ചിട്ടത് വനംകൊളളക്കാരോ? ദുരൂഹത

കർണാടക വനത്തിനുള്ളിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതു മലയോരത്തെ ദുഃഖത്തിലാക്കി. തയ്യേനിയിലെ ടിമ്പർ തൊഴിലാളിയായ താന്നിക്കൽ കുഞ്ഞ് എന്ന ജോർജാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കർണാടക മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടിൽ വെടിയേറ്റ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനു വനത്തിനുള്ളിലെത്തിയതാണെന്നു കരുതുന്നു. ഇതിനിടെ വെടിയേറ്റു മരിക്കുകയായിരുന്നു.

ചിറ്റാരിക്കാൽ പാലാവയലിൽ നിന്നും നാലു കിലോമീറ്റർ വനത്തിനകത്താണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റ ഇടതു നെഞ്ചിനും,കൈയ്യിലും വെടിയേറ്റിരുന്നു.മൂന്ന് വെടിയുണ്ടകൾ ഏറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ട്.ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ജോർജ്ജും സുഹൃത്തുക്കളായ അശോകനും.ചന്ദ്രനും ചേർന്നാണ്  വനത്തിനകത്തേക്ക് പോയത്. ആറു മണിയോടെ  അപകടം സംഭവിച്ച കാര്യം  പുറത്തു വന്നു.തുടർന്ന് ഇന്നുച്ചയോടെയാണ് വാഗമണ്ഡലം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തിയത്. മീൻ പിടിക്കാനാണ് വനത്തിനകത്ത് പോയതെന്നാണ് ജോർജിനൊപ്പം ഉണ്ടായിരുന്നവർ പറയുന്നത്.മരണകാരണമായ വെടിവെച്ചതാരെന്ന കാര്യം പൊലീസ് അന്വേഷിക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ജോർജ് കൊല്ലപ്പെട്ടത് നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റു തന്നെയാണെന്നു കർണാടക പൊലീസും കരുതുന്നു. ഒപ്പമുണ്ടായിരുന്നവരിൽ നിന്നോ, വനത്തിനുള്ളിലുണ്ടായിരുന്ന മറ്റു നായാട്ടുസംഘക്കാരിൽ നിന്നോ വെടിയേറ്റതാകാനാണു സാധ്യത.ഇതിന്റെ അടിസ്ഥാനത്തിൽ ജോർജിന്റെ കൂടെ കാടിനുള്ളിലേക്കു പോയവരിൽ നിന്നും ബാഗമണ്ഡലം പൊലീസ് മൊഴിയെടുത്തു.ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജോർജും സുഹൃത്തുക്കളും പാലാവയൽ ഓടപ്പള്ളിയിൽനിന്ന് അഞ്ചു കീ.മീ. അകലെയുള്ള മുണ്ടറോട്ട് വനത്തിലെ താന്നിത്തട്ടിലേക്ക് പോയത്.ഒപ്പമുണ്ടായിരുന്നവർ രാത്രിയോടെതന്നെ കാടിറങ്ങുകയും ചെയ്തു.

കാടിനുള്ളിലേക്കു കിലോമീറ്ററുകൾ നടന്നു വേണം സംഭവം നടന്ന സ്ഥലത്തെത്താൻ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നതെങ്കിലും ഇന്നലെ ഉച്ചയോടെയാണ് ബാഗമണ്ഡലം, ചിറ്റാരിക്കാൽ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും കർണാടക വനപാലകരും നാട്ടുകാരും വനത്തിലെത്തിയത്.  ഇൻക്വസ്റ്റിനു ശേഷം മൃതദേഹം, നാട്ടുകാരും പൊലീസും ചേർന്ന് തോളിലേന്തി വനത്തിനുള്ളിലൂടെ സഞ്ചരിച്ച് റോഡിലേക്കെത്തിച്ചു.പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മുണ്ടറോട്ട് വനത്തിൽ നായാട്ടിനിടെ നേരത്തേ ആനയുടെ ചവുട്ടേറ്റും ഒരാൾ കൊല്ലപ്പെട്ടിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാനും മറ്റും നാട്ടുകാർ ഉൾവനത്തിലേക്കു കയറുന്നതു പതിവാണ്. ഇത് അപകടം വിളിച്ചു വരുത്തുമെന്ന് വനപാലകരും പൊലീസും ചൂണ്ടിക്കാട്ടുന്നു.  മടിക്കേരി റൂറൽ സിഐ എച്ച്.സി.സിദ്ദയ്യ, ബാഗമണ്ഡലം എസ്ഐ വെങ്കിട്ടരമണൻ, ചിറ്റാരിക്കാൽ എസ്ഐ രഞ്ചിത്ത് രവീന്ദ്രൻ, മുണ്ടറോട്ട് ഫോറസ്റ്റ് റേയ്ഞ്ചർ ജെ.പി.പ്രസന്ന തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു.

കർണാടക വനമേഖലകൾ കേന്ദ്രീകരിച്ച് നായാട്ടുസംഘങ്ങളും മരംകൊള്ളക്കാരും വിഹരിക്കുന്നു. കേരള വനാതിർത്തിമുതൽ ഉൾവനങ്ങളിലേക്കുവരെ ഇത്തരം സംഘങ്ങൾ വേരുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ഏക്കർ വിസ്തൃതിയുള്ള മുണ്ടറോട്ട് റേയ്ഞ്ചിൽ മാത്രം ഇവർ സഞ്ചരിക്കുന്ന നൂറുകണക്കിനു ഊടുവഴികളാണുള്ളത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായി അടുത്തകാലത്ത് കർണാടക സർക്കാർ പ്രഖ്യാപിച്ച ഈ വനമേഖലയിൽ ആനകളും കാട്ടുപോത്തുകളുമുൾപ്പെടെയുള്ള മൃഗങ്ങൾ ധാരാളമുണ്ട്.മലയോര ഗ്രാമങ്ങളിലേക്കു വന്യമൃഗങ്ങൾ കടക്കുന്നതു തടയാൻ അതിർത്തിയിൽ സോളാർ വേലികൾ തീർത്തിട്ടുണ്ടെങ്കിലും ഇവയെല്ലാം പലയിടത്തും തകർന്നു. അതുകൊണ്ടുതന്നെ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കെത്തുന്നതും പതിവായി.

ഇതിനിടെയാണു നായാട്ടുസംഘത്തിന്റെ കടന്നുകയറ്റവും. ഇതും മൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നു. വിനോദസഞ്ചാര കേന്ദ്രമായ കോട്ടഞ്ചേരി വനമേഖലയിലേക്കുൾപ്പെടെ സഞ്ചാരികൾക്കു കടന്നുപോകുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുമ്പോഴാണു വനനിയമങ്ങളെ അവഗണിച്ച് രാത്രിയിലും പകലുമെല്ലാം നായാട്ടുകാർ കാടുകളിൽ വിലസുന്നത്. പലരും അപകടത്തിൽപ്പെടുമ്പോൾ മാത്രമാണ് പുറംലോകം പോലും അറിയുക. കർണാടക വനത്തിനുള്ളിൽ മരം കൊള്ളയും വ്യാപകമാണ്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരും പാവപ്പെട്ട തൊഴിലാളികളാണ്. ഒട്ടേറെ കേസുകൾ ഇതു സംബന്ധിച്ചു മടിക്കേരി കോടതിയിലുണ്ടെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു.