എം ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; കബറടക്കം നാളെ

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.  ഇന്ന് പുലര്‍ച്ചെ ചെന്നൈയില്‍ അന്തരിച്ച ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെയാണ് കൊച്ചിയിലെ വസതിയിലും തുടര്‍ന്ന് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ചത്. നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുമ്പള്ളി ജുമാ മസ്ജിദിലാണ് കബറടക്കം. 

നെടുമ്പാശേരി വിമാനത്താവളത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒത്തൊരുമിച്ചാണ് പ്രിയനേതാവിന്റെ  മൃതദേഹം ഏറ്റുവാങ്ങിയത് . കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍  ബെന്നി ബഹാനാന്‍ തുടങ്ങിയവര്‍  കൊച്ചിയിലെ വസതിയിലേക്കുള്ള യാത്രയില്‍ അനുഗമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു . 

തുടര്‍ന്ന്  പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലേക്ക്. എംഎല്‍എമാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെ പേര്‍ അവിടെയും അന്തോയപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു .  ഈ മാസം 2നാണ് ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍  എംഐ ഷാനവാസിനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം  അണുബാധയുണ്ടായി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്  വെന്റിലേറ്ററിലേക്ക് മാറ്റി.   നിലപിന്നീട് മെച്ചപ്പെട്ടെങ്കിലും  തിങ്കളാഴ്ചയോടെ വീണ്ടും അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ പുലർച്ചെ 1.35 ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യയും മക്കളും മരുമക്കളും സഹോദരനും കൂടെയുണ്ടായിരുന്നു. നാളെ രാവിലെ പത്തു മണിക്ക് എസ്.ആർ.എം റോഡിലെ തോട്ടത്തുമ്പടി പള്ളിയിൽ കബറടക്കും.

MORE IN KERALA