സമരവഴികളിലെ പോരാട്ടവീര്യത്തിന് അംഗീകാരം; ബിബിസിയുടെ പട്ടികയില്‍ കോഴിക്കോട്ടുകാരി

ലോകത്തെ സ്വാധീനിച്ച നൂറുവനിതകളെ ഉള്‍പ്പെടുത്തി ബിബിസി പുറത്തിറക്കിയ പട്ടികയില്‍ കോഴിക്കോട്ടുകാരി പി.വിജിയും. അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന പെണ്‍കൂട്ടിന്റെ സ്ഥാപകയാണ് വിജി. 

മിഠായിത്തെരുവിലെ  ഒരു തയ്യല്‍ക്കടയില്‍  നിന്നായിരുന്നു  18 വര്‍ഷം മുന്പ്  ഈ  യാത്രയുടെ  തുടക്കം  . സമരപാതയിലൂടെ  വിജി  നടന്നെത്തിയത്   ബി ബി  സി പട്ടികയിലേക്ക്  .  ലോകത്തെ തന്നെ  സ്വാധീനിച്ചുവെന്ന്  ബി ബി സി  കണ്ടെത്തിയ  100 പേരിലൊരാളാണ്.  വിജി.  സംഘടിതത്തൊഴിലാളിയൂണിയനുകള്‍  കാണാന്‍  മറന്നു പോയ കാഴ്ചകളിലേക്കായിരുന്നു  വിജിയുടെ ജീവിതയാത്രയെന്നും . കടകളില്‍  മണിക്കൂറുകള്‍  നീളുന്ന കൗണ്ടര്‍  കച്ചവടത്തിനിടയില്‍  ഒന്നിരിക്കാന്‍  അവകാശമില്ലാത്തവര്‍,  പ്രാഥമികകാര്യങ്ങള്‍  പോലും   നിര്‍വഹിക്കാന്‍  അനുവാദവും  ഇടവുമില്ലാത്തവര്‍  ദുരിതജന്മങ്ങളെയാകെ വിജി  ചേര്‍ത്തു നിറുത്തി.   . ഇരിപ്പുസമരവും   സഹനസമരവും മുറുകിയപ്പോള്‍  സംസ്ഥാനത്ത്  പുതിയ  നിയമം തന്നെയുണ്ടായി. 

അസംഘടിതമേഖലാത്തൊഴിലാളിയൂണിയന്‍  കേരളയാണ്  വിജിയുടെ  സമരബാനര്‍.    കോഴിക്കോട്  മിഠായിത്തെരുവിലായിരുന്നു  പോരാട്ടവീര്യത്തിന്റെ തുടക്കം.    അംഗീകാരങ്ങള്‍ക്കിടയിലും  ഇനിയും അവസാനിക്കാത്ത സമരവഴികളിലേക്ക് തന്നെയാണ്   കോഴിക്കോട് പാലാഴിയിലെ  വീട്ടില്‍  നിന്ന്   വിജിയുടെ പുറപ്പാടെന്നും.