വാക്ക് പാഴ്​വാക്കായി; പകൽ സമയത്ത് നിയന്ത്രണം ഇല്ലെന്ന ഉറപ്പിൽ പൊലീസ് ലംഘനം

അയ്യപ്പഭക്തർക്ക് ശബരിമലയിലേക്കു പോകാൻ  പകൽസമയത്ത് നിയന്ത്രണം ഏർപെടുത്തില്ലെന്ന ഉറപ്പ് പൊലീസ് ലംഘിച്ചു. സന്നിധാനത്തേക്ക് ഇന്നും പതിനൊന്നര മുതൽ 2വരെയുള്ള യാത്ര വിലക്കി. ദേവസ്വംബോർഡിന് ഡിജിപി നൽകിയ ഉറപ്പാണ് പാഴ്‍വാക്കായത്. നടപടിയെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വിമർശിച്ചു. 

അത്യപൂർവമായി മാത്രമേ, പമ്പയിൽനിന്നു  ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര പൊലീസ് വിലക്കാറുള്ളൂ. എന്നാൽ, സുരക്ഷകാരണം ചൂണ്ടിക്കാട്ടി രാത്രിയിൽ മലകയറുന്നത് വിലക്കിയതിന് പിന്നാലെ, കഴിഞ്ഞദിവസം പകല്സമയവും ഇത് നടപ്പാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച്,  സന്നിധാനത്തേക്കുള്ള തിരക്ക് കുറവാണെങ്കിലും, ജനബാഹുല്യം നിയന്ത്രിക്കാനെന്ന പേരിലായിരുന്നു നടപടി. എന്നാൽ ഇത് അയ്യപ്പന്മാരുടെ അടക്കം പ്രതിഷേധത്തിനും, വിമർശനത്തിനും കാരണമായി. തുടർന്നാണ് പകൽ സമയത്തെ നിയന്ത്രണം എടുത്തുകളയുമെന്നു ഡിജിപി, ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിനെ  അറിയിച്ചത്. എന്നാൽ, വാക്ക് പാലിച്ചില്ല. പതിനൊന്നര മുതൽ 2വരെയാണ് നിയന്ത്രണം. ഭക്തർക്ക്  ദുരിതം ഉണ്ടാക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. 

നിലവിൽ, രാത്രി ഒമ്പതുമുതൽ പുലർച്ചെ 2വരെ അയ്യപ്പഭക്തരെ മലചവിട്ടാൻ അനുവദിക്കുന്നില്ല. ഇതിന് പുറമെയാണ് പകലുള്ള നിയന്ത്രണം.