അയൽവാസിയെ കുത്തിയ ശേഷം ആത്മഹത്യാ ഭീഷണി; ‘വലവിരിച്ച്’ യുവാവിനെ പിടികൂടി

നെല്ലിക്കുന്നിനു സമീപം അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ച് ആത്മഹത്യാ ഭീഷണിയുമായി ടെറസിൽ കയറിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു സാഹസികമായി രക്ഷപ്പെടുത്തി.കത്തിയും ഇരുമ്പു ഗോവണിയും വീശി ആരെയും അടുപ്പിക്കാതെയായിരുന്നു യുവാവിന്റെ നിൽപ്.  ഇയാളുടെ ആക്രമണത്തിൽ  പരുക്കേറ്റ  പൂതക്കുഴി വീട്ടിൽ വിൽസനെ(53) ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവശത്തെയും വീടുകൾ വഴി സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയാണ് സേനാംഗങ്ങൾ  വളഞ്ഞത്. 

വശങ്ങളിൽനിന്നു കയറിട്ടുമുറുക്കി ബന്ധിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും കുതറിമാറി. ഇതിനിടെ താഴെ നിർത്തിയിട്ട പൊലീസ് ജീപ്പിനു നേരെ ഇയാൾ ഗോവണി വലിച്ചെറിഞ്ഞു.   

പിടികൂടുമെന്ന് ഉറപ്പായതോടെ അഗ്നിരക്ഷാ സേന വലവിരിച്ച സൺ ഷെയ്ഡിലേക്ക് ഇയാൾ ഇറങ്ങിക്കിടന്നു. അബോധാവസ്ഥയിലായ യുവാവിനെ കൈകൾ പുറകിലേക്കു ചേർത്തുകെട്ടി തുണിയിൽ പൊതിഞ്ഞ് മറ്റൊരു വീടിന്റെ ടെറസു വഴി അത്യന്തം ശ്രമകരമായാണ് താഴെയിറക്കിയത്. പരാക്രമത്തിനിടെ ഉണ്ടായ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കു ചികിൽസ നൽകി. 

നേരത്തെ മണ്ണുത്തി പൊലീസ് പിടികൂടിയപ്പോൾ ഇയാൾ പൊലീസിനെ ആക്രമിച്ചിരുന്നു.  പൊലീസ് ജീപ്പിൽനിന്നു ആംബുലൻസിലേക്കു കയറ്റിക്കിടത്തിയ യുവാവിനെ ഭാര്യയ്ക്കൊപ്പമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അഗ്നിരക്ഷാ സേന ജില്ലാ സ്റ്റേഷൻ ഓഫിസർ എ.എൽ.ലാസർ, ലീഡിങ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ നവീൻ, നിധിൻ വിൻസന്റ്, നവനീത് കണ്ണൻ, അനന്തു, വിപിൻബാബു, ഷാജൻ, സുമേഷ്, ശിവദാസൻ എന്നിവർ ചേർന്നാണ് ഇയാളെ താഴെയിറക്കിയത്.