'ഗജ'യുടെ പ്രഭാവത്തില്‍ കേരളത്തിലും കനത്ത മഴ; അഞ്ച് ജില്ലകളിൽ ഒാറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളില്‍  ചിലയിടങ്ങളിലും കനത്ത മഴ. ഇടുക്കി വട്ടവട പഴത്തോട്ടത്തിനു സമീപം ഉരുള്‍പൊട്ടി. മുതിരപ്പുഴയാര്‍ കരകവിഞ്ഞു. പഴയ മൂന്നാറിലെ പ്രധാന പാതയില്‍ വെള്ളം കയറി. പെരിയവാര താല്ക്കാലിക പാലം തകര്‍ന്നു. അടിമാലി  പന്നിയാർകുട്ടിയിൽ പ്രളയകാലത്ത്  മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത്‌ ചെളിയും വെള്ളവും റോഡിലേയ്ക്ക്‌ ഒഴുകിയിറങ്ങി ഗതാഗതം തടസപ്പെട്ടു. അടിമാലിയിൽ തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി. 

എറണാകുളം ജില്ലയില്‍ വന്‍ നാശമുണ്ടായി. മുവാറ്റുപുഴ എറണാകുളം റൂട്ടില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസപ്പെട്ടു. മുവാറ്റുപുഴ എസ്. വളവ് ഭാഗത്ത് കാറ്റില്‍ വ്യാപാരസ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡ് നിലം പൊത്തി.  കൊച്ചി നഗരത്തിലും കനത്തമഴയാണ്. പലയിടത്തും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍  ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗമുളള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍  പോകരുതെന്ന് മുന്നറിയിപ്പുണ്ട്.