ആ'ശങ്ക' തീർക്കാൻ ഹോട്ടലിൽ കയറാം; കോഴിക്കോട് നഗരത്തിൽ ക്ലൂ പദ്ധതി

പൊതു ശുചിമുറികളില്ലാത്ത കോഴിക്കോട് നഗരത്തിന് ആശ്വാസമായി ക്ലൂ പദ്ധതി. ജില്ലാഭരണകൂടവും ഹോട്ടല്‍ ആന്റ് റസ്റ്ററന്‍് അസോസിയേഷനും സംയുക്തമായാണ് പുതിയ സംരംഭമൊരുക്കുന്നത്. ജില്ലയിലെ നൂറിലധികം റസ്റ്ററന്റുകളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി 

ആ ശങ്കയെപറ്റി ഇനി ആശങ്ക വേണ്ട എന്ന പരസ്യവാചകമാണ് പദ്ധതിക്ക് ജില്ലാഭരണകൂടം  നല്‍കിയിരിക്കുന്നത്.  ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ക്ലൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാലു വ്യത്യസ്ത വിഭാഗങ്ങളിലുള്ള ശുചിമുറികളിലെക്കുറിച്ച് ആപ്പിലൂടെ വിവരം ലഭിക്കും. ഹോട്ടലുകളുടെ ചിത്രവും ഫോണ്‍നമ്പരും ഇതില്‍ ഉള്‍പ്പെടുത്തും. 

 ജില്ലയിലെ മികച്ച ഹോട്ടലുകളാണ് ക്ലൂ പട്ടികയിലിടം നേടിയിട്ടുള്ളത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധനകളും നടത്തും. അടുത്തമാസം മുതലാണ് ക്ലൂ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതുശുചിമുറികളില്ലാത്ത നഗരത്തിന്റെ ദുരിതം മനോരമ ന്യൂസ്, റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍.