കരള്‍ പൊട്ടിക്കരഞ്ഞ് ഉറ്റവര്‍; ധീരജവാനെ കാണാന്‍ അണമുറിയാതെ ജനം; വിട

കശ്മീരില്‍ പാക് സൈനികരുെട വെടിവയ്പില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യന് ജന്മനാടിന്റെ യാത്രാമൊഴി. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറ് കണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ട് ആറിന് ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലാണ് സംസ്കാരം.

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ നാല് കരസേനാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ധീര ജവാന്‍ ലാന്‍സ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിയത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍‍ ബന്ധുക്കള്‍, മുന്‍ സൈനികരും, ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഒന്‍പതരയോടെ ആന്റണി സെബാസ്റ്റ്യന്‍റെ മൃതദേഹം ഉദയംപേരൂരിലെ കൊച്ചു വീട്ടിലെത്തിച്ചു. ദേശീയ പതാക പുതച്ചെത്തിയ മൃതദേഹമടങ്ങിയ പെട്ടി വീടിനുള്ളിലേക്ക് എടുത്തതോടെ കൂടി നിന്നവരെല്ലാം നിയന്ത്രണം വിട്ടു പൊട്ടികരഞ്ഞു. ആന്റണിയുടെ ആറ് വയസുകാരന്‍ മകന് അച്ചന്റെ മൃതദേഹത്തിന് മുകളില്‍ കിടന്ന നിലവിളിച്ച നിമിഷം ഏവരേയും കണ്ണീരിലാഴ്ത്തി.

 വീട്ടിലെ സൗകര്യക്കുറവ് കാരണം മൃതദേഹം പുറത്തെടുക്കാനായില്ല. തൊട്ടടുത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടുമുറ്റത്താണ് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. ജില്ലയുടെ നാനാഭാഗത്ത് നിന്നും അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച  ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യനെ അവസാനമായി ഒരുനോക്ക് കാണാനുള്ള ജനപ്രവാഹമായിരുന്നു

 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആന്റണി സെബാസ്റ്റ്യന്‍. തിങ്കളാഴ്ച വൈകിട്ട് ക്ൃഷ്ണഗാട്ടി സെക്ടറിലുണ്ടായ വെടിവയ്പിലാണ് ആന്റണിക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ പൂഞ്ചിലെ സൈനികആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.