സുപ്രീംകോടതിയില്‍ ആയിരത്തിലധികം വിധിപ്രസ്താവം; ചരിത്രനേട്ടത്തിൽ ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീംകോടതിയില്‍ ആയിരത്തിലധികം വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരുടെ പട്ടികയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും. ഈ പട്ടികയിലെത്തുന്ന ആദ്യ മലയാളികൂടിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്.  

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിധിപറഞ്ഞ ജഡ്ജിമാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ആദ്യ പത്തില്‍ എത്തുന്ന ആദ്യ മലയാളി. 2013 മാര്‍ച്ച് എട്ടുമുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ആയിരത്തി മുപ്പത്തിയൊന്ന് വിധിപ്രസ്താവം നടത്തി. അഞ്ചരവര്‍ഷമെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം വിധി പറഞ്ഞ ജഡ്ജിയെന്ന ബഹുമതിയും ജസ്റ്റിസ് കുര്യന്‍ ജോസഫിനാണ്. 2001 ഒക്ടോബര്‍ 19 മുതല്‍ 2009 മേയ് പത്തുവരെ സുപ്രീംകോടതി ജഡ്ജിയായിരുന്ന അരിജിത് പസായത് ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 

ഇക്കാലയളവില്‍ 2692 വിധിപ്രസ്താവം നടത്തി. കേരള ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് പി.സദാശിവം പട്ടികയില്‍ എട്ടാംസ്ഥാനത്തുണ്ട്. 1145 വിധികള്‍. 2007 ഓഗസ്റ്റ് 21 മുതല്‍ 2014 ഏപ്രില്‍ 26വരെ അദ്ദേഹം സുപ്രീംകോടതിയില്‍ ജഡ്ജിയായിരുന്നു. ജസ്റ്റിസ് കുര്യന്‍ ഈ മാസം 29ന് വിരമിക്കും.