സര്‍വകലാശാല മീറ്റില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രായം തടസം

സംസ്ഥാനത്ത് സര്‍വകലാശാല മീറ്റില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അനുമതി കിട്ടിയെങ്കിലും പ്രായപരിധി ആദ്യ മല്‍സരാര്‍ഥിക്ക് തടസമായി. ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശി റിയ ഇഷ വൈസ് ചാന്‍സലര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി.  .  

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അനുമതി. ആദ്യ ലാപ്പ് ഓടാനുള്ള തയാറെടുപ്പിനിടെ സാങ്കേതികക്കുരുക്ക് തടസമായി. പെരിന്തല്‍മണ്ണയിലെ റിയ ഇഷയാണ് മല്‍സരിക്കാനുള്ള അവസരം തേടി സിന്‍ഡിക്കറ്റിന് അപേക്ഷ നല്‍കിയത്. അനുമതി കിട്ടിയെങ്കിലും പ്രായപരിധി ഇരുപത്തി അഞ്ചെന്ന് നിജപ്പെടുത്തി. ഇരുപത്തേഴു വയസുള്ളതിനാല്‍ കാണികള്‍ക്കിടയിലുരുന്ന് മല്‍സരം കണ്ട് മടങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണ് റിയ ഇഷ. 

മലപ്പുറം കോളജില്‍ നിന്ന് വ്യക്തിഗത മികവോടെയെത്തിയ റിയ ഇഷയ്ക്ക് എങ്കിലും നിരാശയില്ല. നിലവില്‍ ബി.എ ഇക്കണോമിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. അടുത്തവര്‍ഷത്തെ മീറ്റിനെങ്കിലും പ്രായത്തില്‍ ഇളവ് കിട്ടിയേക്കും. പ്രായപരിധിയില്ലാതെ മല്‍സരിക്കാനുള്ള അനുമതി അടുത്ത സിന്‍ഡിക്കറ്റ് പരിഗണിക്കുമെന്ന വൈസ് ചാന്‍സലറുടെ പ്രഖ്യാപനത്തിലും പ്രതീക്ഷയുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക മല്‍സരഘടനയെന്ന ആവശ്യത്തിലും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.