'ശശി' ചോദ്യത്തിന് ധിക്കാര മറുപടി; ചിന്ത ജെറോം ശൈലി മാറ്റണം; വിമര്‍ശനത്തല്ല്

പി.കെ. ശശി എം.എല്‍.എയ്ക്കെതിരായ ലൈംഗികാരോപണ വിഷയത്തില്‍ സംഘടന നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ആവശ്യം. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഏറെ വൈകി.  ഇനിയെങ്കിലും നിലപാട് തുറന്നു പറഞ്ഞില്ലെങ്കില്‍ സംഘടന പ്രതിക്കൂട്ടിലാകും.  സംഘടന വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന വികാരം പൊതുസമൂഹത്തിലുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. യുവജന ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോമിനും രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്. 

ആലപ്പുഴ, പാലക്കാട് ജില്ലാ പ്രതിനിധികളാണ് പി.കെ. ശശി വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഏറെ വൈകി.  ഇനിയെങ്കിലും നിലപാട് തുറന്നു പറഞ്ഞില്ലെങ്കില്‍ സംഘടന പ്രതിക്കൂട്ടിലാകും. വിഷയത്തില്‍ ഇടപെട്ടില്ലെന്ന പരാതി പൊതുസമൂഹത്തിനുണ്ടെന്നും അത് മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പി.കെ. ശശി വിഷയം സമ്മേളനത്തില്‍ ഇനിയും ഉയരുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ നേതൃത്വം വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അസഹിഷ്ണുതയോടെയും ധിക്കാരത്തോടെയുമായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം. 

യുവജന ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോമിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുണ്ടായി. സഖാക്കള്‍ക്ക് ചേര്‍ന്ന ശൈലിയും പെരുമാറ്റ രീതിയുമല്ല ചിന്തയുടേയത്. ഇക്കാര്യത്തില്‍ തിരുത്തല്‍ ഉണ്ടായേ തീരൂ എന്നും ആവശ്യം ഉയര്‍ന്നു. ചര്‍ച്ചയ്ക്ക് സെക്രട്ടറി എം. സ്വരാജ് മറുപടി നല്‍കും.