ലഘുലേഖകൾ സിപിഎം തയ്യാറാക്കിയത്; വ്യാജതെളിവുണ്ടാക്കിയെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ്

കെ.എം.ഷാജിക്കുവേണ്ടി വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ വീട്ടില്‍നിന്ന് പിടിച്ചെടുത്തെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമെന്ന് മുന്‍ വളപട്ടണം പഞ്ചായത്ത് പ്രസി‍ഡന്റ് എന്‍.പി.മനോരമ. തിരഞ്ഞെടുപ്പില്‍ ഷാജിയെ പരാജയപ്പെടുത്താനായി സിപിഎമ്മാണ് ലഘുലേഖകള്‍ തയാറാക്കി വ്യാജതെളിവുകളുണ്ടാക്കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകകൂടിയായ മനോരമയുടെ വീട്ടില്‍നിന്നും യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയില്‍നിന്നും വര്‍ഗീയത പ്രചരിപ്പിക്കുന്നതും എം.വി.നികേഷ്കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ  ലഘുലേഖകള്‍ ലഭിച്ചെന്നായിരുന്നു സിപിഎം ആരോപണം. പൊലീസ് ഉദ്യോഗസ്ഥര്‍ മനോരമയുടെ വീട്ടില്‍നിന്ന് ഇവ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ആസൂത്രീത നാടകമായിരുന്നുവെന്ന് മനോരമ പറയുന്നു. 

ലഘുലേഖ വിതരണം ചെയ്തതിന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വളപട്ടണം മയ്യില്‍ പൊലീസ് സ്റ്റേഷനുകളില്‍ തിര‍ഞ്ഞെടുപ്പ് കാലത്ത് കേസെടുത്തിരുന്നു. എന്നാല്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ ലഭിച്ചെന്നാരോപിച്ച് ഒരു മുസ്ലിംകുടുംബംപോലും ഇതുവരെ രംഗത്തുവന്നില്ലെന്ന് യുഡിഎഫ് അവകാശപ്പെടുന്നു.