ഉടമ നോക്കി നിൽക്കേ ബൈക്ക് മോഷ്ടാവ് ഓടിച്ചുപോയി; ഉടമയുടെ കൺമുന്നിൽ പണം കവർന്നു

കൂത്താട്ടുകുളത്ത് ഇടയാർ എൻഎസ്എസ് ഭഗവതി ആലയത്തിനു സമീപം ഉടമ നോക്കി നിൽക്കെ ബൈക്ക് മോഷണം പോയി. അമ്പലമലയിൽ സാജുവിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം  മോഷ്ടിക്കപ്പെട്ടത്. ബൈക്ക് ഇവിടെ വച്ച് അടുത്തുള്ള റബർതോട്ടത്തിൽ മരങ്ങൾ ടാപ്പ് ചെയ്തു കൊണ്ടിരിക്കെയാണ് യുവാവ് നടന്ന് എത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയത്. പിന്നാലെ ഓടിയെങ്കിലും പിടികിട്ടിയില്ല. ബൈക്ക് പള്ളിപ്പടിയിൽ എത്തിയപ്പോൾ പിന്നിൽ മറ്റൊരാളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം ഇടയാർ ഓലക്കാട് മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിലങ്ങപ്പാറയിൽ നിന്ന് മോഷ്ടിച്ച ഈ ബൈക്ക് നിന്നു പോവുകയും തുടർന്ന് സ്റ്റാർട്ടാവാതെ വരികയും ചെയ്തതിനാൽ ഇതു വഴിയിൽ ഉപേക്ഷിച്ച് സാജുവിന്റെ ബൈക്ക് മോഷ്ടിച്ചതാകാമെന്നു കരുതുന്നു. വഴിയിൽ ഉപേക്ഷിച്ച ബൈക്ക് പിന്നീട് വിലങ്ങപ്പാറയിൽ നിന്ന് ഉടമയെത്തി കൊണ്ടുപോയി. സാജു പൊലീസിൽ പരാതി നൽകി.

ഉടമയുടെ കൺമുന്നിൽവച്ച് കാറിൽനിന്നു പണം കവർന്നു

പോത്താനിക്കാട് മോഷ്ടിച്ച ബൈക്കിലെത്തിയ യുവാവ് പള്ളിമുറ്റത്തു പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നു പണം കവർന്നു. ഉടമ കയ്യോടെ പിടികൂടിയപ്പോൾ ബൈക്ക് ഉപേക്ഷിച്ചു കടന്നു. 12,000 രൂപ അപഹരിച്ചതായി മാറാപ്പിള്ളിൽ എം.എസ്. ജോസഫ് പൊലീസിൽ പരാതി നൽകി. 

സെന്റ് സേവ്യേഴ്സ് പള്ളിയിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ കുർബാനയ്ക്കെത്തിയതായിരുന്നു ജോസഫും കുടുംബവും. സെമിത്തേരിയിൽ പോയി മടങ്ങിയെത്തിയപ്പോൾ യുവാവ് കാറിൽ നിന്നിറങ്ങുന്നതു കണ്ടു. ചോദ്യം ചെയ്തപ്പോൾ ബൈക്ക് ഓടിച്ചു പോകാൻ തുടങ്ങി. 

കയറിപ്പിടിച്ചപ്പോൾ ജോസഫിനെ തട്ടിവീഴ്ത്തി ഓടിരക്ഷപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് മൂവാറ്റുപുഴയിൽ നിന്ന് അപഹരിച്ചതാണെന്നു ബോധ്യപ്പെട്ടതിനാൽ ഉടമയ്ക്കു കൈമാറി. പള്ളിമുറ്റത്തെ മറ്റൊരു കാറിൽ നിന്നു പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായും പറയുന്നുണ്ട്. പുലർച്ചെ മുതൽ യുവാവിനെ ബൈക്കുമായി പള്ളിപ്പരിസരത്തു കണ്ടതായി പള്ളിയിലെത്തിയവർ പറഞ്ഞു.