ശബരിമല സമരങ്ങള്‍ക്കെതിരെ എം.ടി; ‘ഇത് കേരളത്തെ പിന്നോട്ട് നടത്താനുള്ള നീക്കം’

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. വിധിക്കെതിരെ സംസ്ഥാനത്ത് അരങ്ങേറുന്ന സമരങ്ങള്‍ കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്നും എംടി പറഞ്ഞു.

‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാന്‍ കുറിച്ചതാണ് ഇവരെ ഓര്‍മിപ്പിക്കാന്‍ ഉള്ളത്. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നോക്കുമ്പോള്‍ ചിലര്‍ നമ്മളെ തിരിച്ച് നടത്തുകയാണ്. ഇത് അങ്ങേയറ്റം അപകടകരമാണ്. കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിന്‍റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതിനെ പിന്തുണയ്ക്കില്ല. സുപ്രീം കോടതി വിധിയെ എതിര്‍ക്കാന്‍ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം നടത്തുന്നത്. ഇത് പിന്നോട്ട് പോകലാണെന്നും എംടി  ദേശാഭിമാനി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. അന്ന് ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്ന തരത്തിലായിരുന്നു പ്രചാരണം. പക്ഷേ, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദെെവവിശ്വാസികള്‍ക്ക് അറിയാം. സ്ത്രീയെ രണ്ടാം തരക്കാരാക്കി നിലനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. അതിന് സ്ത്രീയെ തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവർക്കും ശരിയായ വഴി അംഗീകരിക്കേണ്ടി വരും. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടെയുണ്ടാകും– എം ടി കൂട്ടിച്ചേര്‍ത്തു.